എടത്തല ഗ്രാമീണഹൈവേ പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയിൽ

എടത്തല ഗ്രാമീണഹൈവേയുടെ ഭാഗമായ മുതിരക്കാട്ടുമുകളിലെ റോഡ് പൊളിച്ച് മെറ്റൽ വിരിച്ചനിലയിൽ
ആലുവ
എടത്തല പഞ്ചായത്തിലെ തേവയ്ക്കലിൽനിന്ന് ആരംഭിച്ച് വാഴക്കുളം പഞ്ചായത്തിൽ അവസാനിക്കുന്ന എടത്തല ഗ്രാമീണഹൈവേയുടെ പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയിൽ. കുഞ്ചാട്ടുകരമുതൽ മുതിരക്കാട്ടുമുകൾവഴി തേവയ്ക്കലിലേക്ക് പോകുന്ന ഭാഗത്തെ നിർമാണങ്ങളാണ് നിലച്ചിരിക്കുന്നത്. വർഷങ്ങൾക്കുമുന്പ് കൊട്ടിഘോഷിച്ച് ആരംഭിച്ച പദ്ധതി പൂർത്തിയാകാത്തതിൽ ജനങ്ങളും പ്രതിഷേധത്തിലാണ്.
2021 മാർച്ചിൽ പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതിയുടെ നിർമാണോദ്ഘാടനം നടത്തിയതുതന്നെ 2024ൽ ആണ്. വിവിധ വകുപ്പുകളും ഏജൻസികളും തമ്മിലുള്ള ആശയവിനിമയത്തിൽ വന്ന പാകപ്പിഴയാണ് പദ്ധതി നിലയ്ക്കാൻ കാരണമായത്. കുഞ്ചാട്ടുകരമുതൽ തേവയ്ക്കൽവരെയുള്ള സഞ്ചാരയോഗ്യമായിരുന്ന റോഡ് പൊളിച്ചിട്ടിട്ട് ഏഴ് മാസത്തോളമായി.
കുഞ്ചാട്ടുകരമുതൽ മുതിരക്കാട്ടുമുകൾവരെയുള്ള ഭാഗത്ത് രണ്ട് ലെയർ മെറ്റൽ വിരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ടാർ ചെയ്തിട്ടില്ല. റോഡ് ടാർ ചെയ്യാൻപോലും കഴിയുന്നില്ലെങ്കിൽ പൊളിച്ചത് എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം. തേവയ്ക്കൽവരെയുള്ള ഭാഗത്ത് ഇരുവശത്തും റോഡിന് വീതികൂട്ടാൻ മണ്ണെടുത്തുമാറ്റിയിടത്ത് ഇതുവരെ മണ്ണുനിറച്ച് ടാർ ചെയ്തിട്ടില്ല.
പൊളിച്ചിട്ടിരിക്കുന്ന റോഡിലെ കരിങ്കൽച്ചീളിന് മുകളിലൂടെ കിലോമീറ്ററുകളോളം വാഹനങ്ങൾ സഞ്ചരിക്കേണ്ടിവരുന്നത് വാഹനത്തിനും കേടുപാടുകൾക്ക് ഇടയാക്കുന്നു. എടത്തല പഞ്ചായത്ത്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, ഇറിഗേഷൻവകുപ്പ്, കെഎസ്ഇബി തുടങ്ങി വിവിധ വകുപ്പുകൾ ചേർന്ന് പ്രവർത്തിച്ചാലേ റോഡ് നിർമാണം പൂർത്തിയാകൂ. ഇലക്ട്രിക് പോസ്റ്റുകൾ റോഡരികിലേക്ക് മാറ്റാനുള്ള ഏകോപനംപോലും ഉണ്ടായിട്ടില്ല. കനാലുകളുടെ അരികിലൂടെ റോഡ് കടന്നുപോകുന്നതിനാൽ ജലസേചനവകുപ്പിന്റെ എൻഒസിയും വേണം.
എടത്തല പഞ്ചായത്തിലെ അഞ്ചുമുതൽ ഒന്പതുവരെയും 12, 13, 15 എന്നീ വാർഡുകളിലൂടെയുമാണ് ഗ്രാമീണഹൈവേ കടന്നുപോകുന്നത്. 7.16 കോടി രൂപ കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് നിർമാണം.










0 comments