വിറ്റ ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിയില്ല; പഴയ ഉടമയ്ക്ക് 34 ഇ -ചലാൻ

കാക്കനാട്
മൂന്നു വർഷംമുന്പ് വിറ്റ ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റാത്തതിൽ പുലിവാലുപിടിച്ച് പഴയ ഉടമ. ഗതാഗത നിയമലംഘനത്തിന് പിഴയൊടുക്കാൻ 34 ഇ- ചലാനുകളാണ് പഴയ ഉടമയ്‌ക്ക് വന്നത്. ബൈക്ക് വാങ്ങിയ ആൾ ഉടമസ്ഥാവകാശം മാറ്റിക്കൊള്ളാമെന്ന് ഉറപ്പുനൽകി വിൽപ്പന രേഖകളിൽ ഒപ്പിട്ടുവാങ്ങിയിരുന്നെങ്കിലും ഇതുവരെ പേര് മാറ്റിയിട്ടില്ല. തുടർച്ചയായി ഇ- ചലാൻ സന്ദേശങ്ങൾ ലഭിച്ചതോടെയാണ് പഴയ ഉടമയ്ക്ക് സംശയം തോന്നിയത്.
കഴിഞ്ഞദിവസം അമ്മ ആർടി ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് ബൈക്ക് ഇപ്പോഴും മകന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വ്യക്തമായത്. വൈപ്പിൻ സ്വദേശികളാണ് ഇവർ. ചേരാനല്ലൂരിലെ വിലാസം നൽകിയ വ്യക്തിക്കാണ് ബൈക്ക് വിറ്റത്. എന്നാൽ, നൽകിയ വിലാസത്തിൽ അന്വേഷിച്ചെത്തിയപ്പോൾ അങ്ങനെയൊരാളെ നാട്ടുകാർക്ക് അറിയില്ലെന്നായിരുന്നു മറുപടി.
ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, ബൈക്കിൽ രണ്ടിലധികംപേരെ കയറ്റൽ, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുള്ള യാത്ര തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ഇ- ചലാനുകൾ ലഭിച്ചിട്ടുള്ളത്. ബൈക്ക് വാങ്ങിയ ആളെ കണ്ടെത്താൻ കഴിയാത്തതിനാൽ ഉടമ പൊലീസിലും പരാതി നൽകി. വാഹനം വിൽക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ ഉടമസ്ഥാവകാശം മാറ്റിയെന്ന് ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം നിയമലംഘനങ്ങളുടെ ഉത്തരവാദിത്വം രജിസ്റ്റർ ചെയ്ത ഉടമയ്ക്കായിരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
നിലവിലെ ഉടമയെ കണ്ടെത്താൻ നെട്ടോട്ടം









0 comments