കാലപ്പഴക്കവും അറ്റകുറ്റപ്പണിയുടെ കുറവും
യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്‌ആർടിസി രാത്രി എട്ടുകഴിഞ്ഞാൽ ബസ് സർവീസില്ല, പ്രിയദർശിനി കാത്ത് യാത്രക്കാർ മടുത്തു


സ്വന്തം ലേഖകൻ
Published on Nov 18, 2026, 01:52 AM | 1 min read
കൊല്ലം
യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്‌ആർടിസി ബസുകൾ ഓട്ടം തുടരുന്നത് പതിവാകുന്നു. സമയത്ത് അറ്റകുറ്റപ്പണിയില്ലാത്തതും കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റാത്തതും തിരിച്ചടിയാകുന്നത് യാത്രക്കാർക്കാണ്. ജില്ലയിൽ ഒന്പത് ഡിപ്പോയാണുള്ളത്. ബസുകളിൽ ചിലത് വഴിയില്‍ തകരാറിലാകുന്നു. ഇതിനുപുറമെ രാത്രി എട്ടുകഴിഞ്ഞാല്‍ ദേശീയപാതയിലും എംസി റോഡിലും ഉള്‍പ്പെടെ കെഎസ്‌ആർടിസി ലോക്കൽ സർവീസുകൾ നടത്താത്തതും യാത്രാക്ലേശം സൃഷ്ടിക്കുന്നു. ഇതിനെല്ലാം പുറമെയാണ് പ്രിയദര്‍ശിനി ബസുകളുടെ വൈകിയോട്ടവും. സ്റ്റോപ്പുകളിൽ പ്രിയദര്‍ശിനി ബസുകളെ കാത്ത് മണിക്കൂറുകളോളം യാത്രക്കാർ നിൽക്കുന്ന കാഴ്‌ചയും ജില്ലയിൽ കാണാം. പ്രിയദര്‍ശിനി ബസുകളില്‍ യാത്രക്കാരുടെ എണ്ണം കൂടിയതുമൂലം കൃത്യസമയത്ത് ഓടിയെത്താനാകുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ വിവിധ ഡിപ്പോകളിൽനിന്ന് ഓപ്പറേറ്റ് ചെയ്‌ത ആറ് ബസ് പണിമുടക്കുകയും യാത്രക്കാരെ പെരുവഴിയിലാക്കുകയും ചെയ്‌തു. തിങ്കളാഴ്ച രാവിലെ ജില്ലയില്‍ ദേശീയപാതയില്‍മാത്രം വഴിയിലായത് മൂന്ന് കെഎസ്ആര്‍ടിസി ബസാണ്. കാലപ്പഴക്കവും സാങ്കേതികത്തകരാറും മൂലമാണ് ബസുകൾ വഴിയിലാകുന്നതെന്ന് അംഗീകരിക്കാൻ കെഎസ്‌ആർടിസി അധികൃതർ ഒരുക്കമല്ല. കുളത്തൂപ്പുഴ ഡിപ്പോയില്‍ ഏഴ് ഫാസ്റ്റ് പാസഞ്ചറുകളുള്ളതില്‍ മൂന്നും തകരാറിലാണ്. മറ്റ് ഡിപ്പോകളിലും പതിനഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള ബസുകള്‍ ധാരാളമുണ്ട്. ഇവയാണ് പലപ്പോഴും യാത്രക്കാരെ പെരുവഴിയിലാക്കുന്നത്. പ്രധാനപാതകളിൽ രാത്രിയില്‍ ബസ് സര്‍വീസുകള്‍ കുറവാണെന്ന പരാതിയിൽ ഒരുനടപടിയും ഉണ്ടാകുന്നില്ല. രാത്രി എട്ടുകഴിഞ്ഞാല്‍ കൊല്ലത്തുനിന്ന് കരുനാഗപ്പള്ളി ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് ആശ്രയം. പത്തനംതിട്ട, ചെങ്ങന്നൂർ, കുളത്തൂപ്പുഴ ചെയിൻ സർവീസുകളും പല ദിവസങ്ങളിലും ഏഴര കഴിഞ്ഞാൽ ഇല്ല. എംസി റോഡില്‍ അടൂര്‍, കൊട്ടാരക്കര ഭാഗങ്ങളില്‍നിന്ന് തിരുവനന്തപുരത്തേക്ക് രാത്രിയിൽ ബസുകൾ ചുരുക്കം. ഞായറാഴ്ച ഒമ്പതിനും പത്തേകാലിനും ഇടയില്‍ രണ്ട് ബസ് മാത്രമാണ് കൊട്ടാരക്കര-– തിരുവനന്തപുരം റൂട്ടില്‍ ഓടിയത്. കൊല്ലം– കുളത്തൂപ്പുഴ, കൊല്ലം-– ചെങ്ങന്നൂര്‍, കൊല്ലം-– ദളവാപുരം-– കരുനാഗപ്പള്ളി, കൊല്ലം–- പത്തനംതിട്ട, കൊട്ടാരക്കര-– കൊല്ലം-–കരുനാഗപ്പള്ളി, കൊട്ടിയം–- അഞ്ചല്‍ റൂട്ടുകളിലാണ് ചെയിന്‍ സര്‍വീസുകളുള്ളത്. ഈ റൂട്ടുകളില്‍ ഓടുന്ന ഓര്‍ഡിനറി ബസുകളില്‍ മിക്കതും സമയനിഷ്ഠ പാലിക്കാറില്ല.








0 comments