നിക്ഷേപകരുടെ പണം തട്ടൽ
മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്

മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലേക്ക് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ 22 കോടി രൂപ കോൺഗ്രസ് ഭരണസമിതിയും ജീവനക്കാരും ചേർന്ന് കൊള്ളയടിച്ചതിനെതിരെ ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ വിജയ് കെ ബേബി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, മഞ്ഞള്ളൂർ ലോക്കൽ സെക്രട്ടറി എം കെ മധു, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, ബ്ലോക്ക് പ്രസിഡന്റ് അഖിൽ പ്രകാശൻ, മേഖലാ സെക്രട്ടറി വിഷ്ണു സുകുമാരൻ, മേഖലാ ട്രഷറർ ജഗൻ ജോഷി തുടങ്ങിയവർ സംസാരിച്ചു. നിക്ഷേപകരുടെ പണം തിരികെ നൽകിയില്ലെങ്കിൽ കൂടുതൽ സമരപരിപാടികൾ നടത്താൻ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു.
ബാങ്കിൽ 22 കോടി രൂപയുടെ വായ്‌പത്തട്ടിപ്പ് സഹകരണവകുപ്പ് അന്വേഷിച്ച് കണ്ടെത്തിയിരുന്നു. നിക്ഷേപകർ പണം തിരികെ കിട്ടാതെ പ്രതിസന്ധിയിലായി. തട്ടിപ്പ് നടത്തിയ ഭരണസമിതിക്കാരും ഉദ്യോഗസ്ഥരും ആർഭാടമായി ജീവിക്കുകയാണെന്നും നിക്ഷേപകർ ആരോപിച്ചു. ഇതിൽ ചിലർ ഇപ്പോൾ പഞ്ചായത്ത് ജനപ്രതിനിധികളാണ്. തട്ടിപ്പ് കണ്ടെത്തിയിട്ട് രണ്ടരവർഷം കഴിഞ്ഞു. തട്ടിപ്പ് നടത്തിയവരെയും കൂട്ടുനിന്ന ജീവനക്കാർക്കെതിരെയും നടപടിയെടുത്ത് പണം തിരികെ ലഭ്യമാക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനും വിവാഹാവശ്യത്തിനും മറ്റും നിക്ഷേപകർ ബാങ്കിൽ സൂക്ഷിച്ച പണമാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന സംഘം കൊള്ളയടിച്ചത്.










0 comments