ജനാധിപത്യത്തെ വിലയ്ക്കെടുക്കുന്ന കാലം: എം ബി രാജേഷ്

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം മുൻ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
"മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം' എന്ന ഡിവൈഎഫ്ഐയുടെ മുദ്രാവാക്യത്തിന് പ്രസക്തിയേറുന്ന കാലമാണിതെന്ന് ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ്. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമാണ്, മതമാണ് പ്രശ്നമെന്ന് പറയുന്നവർ ഇന്ന് അധികാരസ്ഥാനത്തിരിക്കുന്നവരാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്നതിനായി അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സർക്കാർ ആ ശ്രമം അവസാനഘട്ടത്തിലേക്ക് എത്തിക്കുകയാണ്. ഇനി ഭരണഘടന എന്ന ഒറ്റത്തടസ്സം മാത്രമാണ് അവർക്കു മുന്നിലുള്ളത്. ആ തടസ്സം നീക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം.
ഭൂരിപക്ഷം തെരഞ്ഞെടുപ്പിൽ കിട്ടിയിട്ടില്ലെങ്കിൽ വിലയ്ക്കുവാങ്ങുന്ന കാലമാണ്. തൃണമൂൽ കോൺഗ്രസ്, എഎപി, ശിവസേന തുടങ്ങിയ പാർടികളുടെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ഇവരെയെല്ലാം പിളർത്തിയും വിലകൊടുത്തും എംപിമാരെ പിടിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇങ്ങനൊരു ദുരഃവസ്ഥ ഉണ്ടായിട്ടില്ല. ജനാധിപത്യത്തെ വിലയ്ക്കെടുക്കുന്ന കാലം. ഇനി അവർ ഭരണഘടന ഭേദഗതി ചെയ്യും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് ലക്ഷ്യം.
ബിജെപിക്ക് സ്വധീനമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകൾ ഉറപ്പുവരുത്തുന തരത്തിൽ മണ്ഡല പുനർനിർണയം നടത്തും. കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ സീറ്റ് വർധന നാമമാത്രമാകും. ബിജെപിക്ക് എല്ലാക്കാലത്തും അധികാരത്തിൽ വരാനും ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുമാണ് നീക്കം. ഈ കാലഘട്ടത്തിലാണ് ഡിവൈഎഫ്ഐ പോലെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സംഘടനകൾക്ക് പ്രസക്തിയേറുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.











0 comments