print edition കേരള സർവകലാശാല: സിൻഡിക്കറ്റിൽ യുഡിഎഫ് – ബിജെപി സഖ്യം

പി ആർ ചന്തുകിരൺ
Published on Jul 08, 2026, 01:41 AM | 1 min read
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കറ്റ് പുനഃസംഘടനയ്‌ക്കുശേഷമുള്ള ആദ്യ യോഗത്തിൽ കൈകോർത്ത് യുഡിഎഫ്-്– ബിജെപി പ്രതിനിധികൾ. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റികളുടെ എണ്ണം 10ൽനിന്ന് ഏഴാക്കി കുറച്ചു. യുഡിഎഫ് അംഗങ്ങൾക്ക് മാത്രം അധ്യക്ഷസ്ഥാനം ലഭിക്കാനായി പുതിയ അംഗം ആർ എസ് ശശികുമാർ മുന്നോട്ടുവച്ച നിർദേശത്തെ ബിജെപി അംഗങ്ങൾ പിന്തുണച്ചു. ഏഴ് സമിതികളുടെയും അധ്യക്ഷരായി യുഡിഎഫ് അംഗങ്ങളെ തെരഞ്ഞെടുത്തു. യുഡിഎഫ്–ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് യോഗത്തിൽ മറനീക്കിയതെന്ന് ഇടതുപക്ഷ അംഗങ്ങൾ പറഞ്ഞു.
നിലവിലുള്ള സ്‌റ്റാൻഡിങ് കൗൺസലിനെ നീക്കി പകരം ഗിരിജ ഗോപാലിനെ നിയമിച്ചതായി വിസി റിപ്പോർട്ട് ചെയ്‌തു. സ്വന്തം അഭിഭാഷകയായ ബിജെപി നേതാവിനെ നിയമിച്ചത് നിയമവിരുദ്ധ നടപടിയാണെന്ന് ഇടതുപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ വിസിയുടെ തീരുമാനത്തെ യുഡിഎഫ് – ബിജെപി അംഗങ്ങൾ ഒന്നിച്ച് പിന്തുണച്ചു. അടിയന്തര സാഹചര്യത്തിൽ തീരുമാനം എടുക്കാൻ അധികാരം നൽകുന്ന 10(13) വകുപ്പ് പ്രകാരമുള്ള നിയമനം അന്തിമമാണെന്നും വിസി നിലപാടെടുത്തു. സിൻഡിക്കറ്റിനെ മറികടക്കാനുള്ള കുറുക്കുവഴിയാണെന്ന് ആരോപിച്ച് ഇടതുപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.
നാല് സർക്കാർ പ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ട ഒരംഗവും അടക്കം 11 അംഗങ്ങളുടെ പിന്തുണയുണ്ട് യുഡിഎഫിന്. ബിജെപിക്ക് രണ്ട് അംഗങ്ങളും ഇടതുപക്ഷത്തിന് ആറ് പ്രതിനിധികളുമാണുള്ളത്.










0 comments