അങ്കമാലിയിലെ ലഹരിവേട്ട
ഹെറോയിൻ എത്തിച്ചത് മ്യാൻമറിൽനിന്ന്

അങ്കമാലിയിൽ ഹെറോയിനുമായി പിടിയിലായ അസം സ്വദേശികളായ കൈറുൽ ഇസ്ലാം, മുഷ്‌ത്തക്കിൻ ആലം, ദിൽദാർ ഹുസെെൻ എന്നിവരെ ആലുവ എസ്-പി ഓഫീസിൽനിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നു
കൊച്ചി
അങ്കമാലിയിലെ ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. മ്യാൻമറിൽനിന്നാണ് ഹെറോയിൻ എത്തിച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞദിവസം പിടിയിലായ മൂന്ന് അസം സ്വദേശികളെ ചോദ്യം ചെയ്‌തതിൽനിന്നാണ് ഹെറോയിന്റെ ഉറവിടം ലഭിച്ചത്. 609 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. ദിൽദാർ ഹുസൈൻ (41), മുഷ്ത്തക്കിൻ ആലം (19), കൈറുൽ ഇസ്ലാം (23) എന്നിവരാണ് പിടിയിലായത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്‌റ്റുണ്ടാകുമെന്നാണ് വിവരം.
അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് റാക്കറ്റിലെ അംഗങ്ങളാണ് പിടിയിലായവർ. അസമിൽനിന്ന് ലഹരി എറണാകുളത്തേക്ക് എത്തിക്കുന്ന കാരിയർമാരായാണ് ഇവര്‍ പ്രവർത്തിച്ചിരുന്നത്. നേരത്തേയും കേരളത്തിലേക്ക് ഹെറോയിൻ കടത്തിയിട്ടുണ്ട്. പെരുന്പാവൂരിൽ ഉൾപ്പെടെയുള്ള ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. മലയാളികളും ഇവരിൽനിന്ന് ഹെറോയിൻ വാങ്ങിയിരുന്നു. സംസ്ഥാനത്ത് അധ്യയനവർഷം തുടങ്ങുന്നതുകൂടി കണക്കിലെടുത്തായിരുന്നു ഇത്തവണ ഹെറോയിൻ കൊണ്ടുവന്നത്. റാക്കറ്റ് നടത്തിപ്പുകാരും ലഹരി ഉപയോഗിക്കുന്നവരും തമ്മിൽ നേരിട്ടായിരുന്നു ഇടപാടുകൾ.
വാട്‌സാപ്, നവമാധ്യമങ്ങൾ വഴിയാണ് ബന്ധപ്പെട്ടിരുന്നത്. റാക്കറ്റ് തലവൻമാർ പറയുന്ന സ്ഥലത്ത് കാരിയർമാർ ഹെറോയിൻ എത്തിച്ച് മടങ്ങും. അസമിൽനിന്ന് കാറിലാണ് അങ്കമാലിവരെ സഞ്ചരിച്ചത്. അസം രജിസ്ട്രേഷനിലുള്ള കാറിലെ രഹസ്യ അറകളിൽ ബാഗുകളിലാക്കിയ 47 സോപ്പുപെട്ടികളിലായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
ലഹരിവേട്ട ശക്തമാക്കി പൊലീസ്
കൊച്ചി
ലഹരിവേട്ട ശക്തമാക്കി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ജനുവരിമുതൽ റൂറൽ ജില്ലയിൽ പിടിച്ചെടുത്തത് 765 ഗ്രാം എംഡിഎംഎ. അങ്കമാലിയിൽ 550 ഗ്രാം എംഡിഎംഎ പിടിച്ചതാണ് ഏറ്റവുംവലിയ രാസലഹരി വേട്ട. ബംഗളൂരുവിൽനിന്ന് ഫ്ലാസ്‌കില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കൊണ്ടുവന്നത്. ഇതിൽ രണ്ട് മലയാളികളെ പിടികൂടിയിരുന്നു. കഴിഞ്ഞവർഷം ആകെ പിടിച്ചെടുത്ത എംഡിഎംഎ 1366 ഗ്രാമാണ്.
680 ഗ്രാം ഹെറോയിൻ ഇൗ വർഷം ഇതുവരെ പിടിച്ചെടുത്തു. മുൻവർഷം 750 ഗ്രാമാണ് പിടിച്ചത്. കഴിഞ്ഞദിവസം അങ്കമാലിയിൽ 609 ഗ്രാം ഹെറോയിൻ പിടിച്ചതാണ് വലിയ ഹെറോയിൻ വേട്ട. കാറിൽ സോപ്പുപെട്ടികളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഹെറോയിൻ. അടുത്തകാലത്ത് കേരളത്തിൽ നടന്ന വലിയ ഹെറോയിൻ വേട്ടകളിലൊന്നാണിത്. അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടിച്ചതാണ് ഏറ്റവുംവലിയ കഞ്ചാവ് വേട്ട. ആഡംബര കാറിന്റെ പിൻസീറ്റിൽ പ്രത്യേക അറകളുണ്ടാക്കി 31 പൊതികളിലാക്കിയാണ് കഞ്ചാവ് കടത്തിയത്.
ഈ വർഷം എറണാകുളം റൂറൽ ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത് 475 മയക്കുമരുന്ന് കേസുകളാണ്. 588 പേർ അറസ്റ്റിലായി. ഇതിൽ 13 വാണിജ്യ അളവിലുള്ള കേസുകളാണ്. 340 കിലോ കഞ്ചാവാണ് ഈ വർഷം റൂറൽ പൊലീസ് പിടിച്ചെടുത്തത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.










0 comments