അതിഥിത്തൊഴിലാളികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം ; വ്യാപക പരിശോധനയുമായി പൊലീസ്; 9 കേസുകളെടുത്തു

പെരുമ്പാവൂർ
അതിഥിത്തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നത് തടയാൻ വ്യാപക പരിശോധന. അതിഥിത്തൊഴിലാളികൾ താമസിക്കുന്നയിടങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളെടുത്തു. ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സ്‌ത്രീകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എഎസ്‌പി പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ 100 പൊലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേകസംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പങ്കുചേർന്നു.
ജാഗ്രതാസമിതി രൂപീകരിച്ചു
പെരുമ്പാവൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന അതിഥിത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജാഗ്രതാസമിതി രൂപീകരിച്ചു. ജില്ലാ റൂറൽ പൊലീസ് മേധാവി കെ എസ് സുദർശൻ അധ്യക്ഷനായി. അതിഥിത്തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും വിവരശേഖരണം നടത്താനും അവർക്കിടയിലുള്ള പ്രശ്നങ്ങൾ പഠിക്കാനും ബോധവൽക്കരണം നടത്താനും സമിതി തീരുമാനിച്ചു. തൊഴിലാളികളുടെ മക്കൾക്ക് മികച്ച പഠനസൗകര്യങ്ങൾ ഉറപ്പാക്കും.
മെഡിക്കൽ ക്യാമ്പും ആരോഗ്യബോധവൽക്കരണവും നടത്തും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ലോഡ്‌ജുകൾക്കെതിരെയും കർശന നടപടിയുണ്ടാകും. സമിതി എല്ലാ മാസവും ആദ്യ ആഴ്ച പെരുമ്പാവൂർ എഎസ്‌പി ഓഫീസിൽ യോഗം ചേരും. യോഗത്തിൽ ലഭിക്കുന്ന വിവരങ്ങളുടെയടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കും. പി ഹാർദിക് മീണ (കൺവീനർ), ഇൻസ്പെക്ടർ ജിൻസൺ ഡൊമനിക് (ജോയിന്റ് കൺവീനർ), വെങ്ങോല, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ, രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്കാരിക സംഘടനാ ഭാരവാഹികൾ, അതിഥിത്തൊഴിലാളി പ്രതിനിധികൾ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.










0 comments