എറണാകുളം റേഞ്ചിൽ ഒറ്റദിനം 150 മയക്കുമരുന്ന് കേസ്

ആലുവ
എറണാകുളം റേഞ്ചിൽ നടത്തിയ കോമ്പിങ്ങിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് നൂറ്റന്പതിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. രാസലഹരിയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കണ്ടെടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയുമായി ബന്ധപ്പെട്ട് 182 പേർക്കെതിരെ നടപടി സ്വീകരിച്ചു. പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്നവരെക്കുറിച്ചും വിവരം ലഭിച്ചു. ഇവരെയും ഉറവിടത്തെയും കുറിച്ച് പൊലീസ് അന്വേഷണത്തിലാണ്. അനധികൃത മദ്യവിൽപ്പന, പൊതുസ്ഥലത്തെ മദ്യപാനം എന്നിവയ്‌ക്ക് 153 പേർക്കെതിരെ കേസെടുത്തു.
റേഞ്ച് ഡിഐജി ഡോ. എസ് സതീഷ് ബിനോയിയുടെ നേതൃത്വത്തിൽ എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു പരിശോധന. ഗതാഗത നിയമലംഘനത്തിന് 3112 കേസെടുത്തു. അമിതവേഗം, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കൽ, ട്രാഫിക് സിഗ്നലുകളുടെ ലംഘനം, അനധികൃത പാർക്കിങ് തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് നടപടി. മദ്യപിച്ച് വാഹനം ഓടിച്ച 562 പേർക്കെതിരെ കേസെടുത്തു. കോടതികൾ വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള 550 പേരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിച്ചു. ദീർഘകാലമായി പിടികിട്ടാതിരുന്ന 48 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
515 ലോഡ്ജുകളിൽ പരിശോധന നടത്തി. മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന 203 പേരെയും അടുത്തകാലത്ത് ജയിലിൽനിന്ന് ഇറങ്ങിയ 37 പേരുടെയും നിലവിലെ സ്ഥിതി പരിശോധിച്ചു.








0 comments