മയക്കുമരുന്നുകേസിലെ പ്രധാനപ്രതി പിടിയിൽ

ലിജോ ജോയി
നെടുമ്പാശേരി
മയക്കുമരുന്ന് കേസിലെ ബുദ്ധികേന്ദ്രമായ പ്രതി രണ്ടുവർഷത്തിനുശേഷം പിടിയിൽ. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺ നഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയിയെ(39)യാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂൺ 27ന് ബംഗളൂരുവിൽനിന്ന് കാറിൽ കടത്തിയ 316 ഗ്രാം എംഡിഎംഎ, 2 എൽഎസ്ടിഡി സ്റ്റാമ്പ്, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽവച്ച് പിടിച്ചെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയ്ക്കൽ തോട്ടുമുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടുതൊടി വീട്ടിൽ രാഗേഷിനെ (ജുമാഞ്ചി–32) ഹിമാചൽപ്രദേശിലെ കുളുവിൽനിന്ന് പിടികൂടിയിരുന്നു. മയക്കുമരുന്ന് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിന്റെ ബുദ്ധികേന്ദ്രമായിരുന്നു ലിജോ ജോയി.
രാഗേഷ് മുഖാന്തരമാണ് ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. മയക്കുമരുന്ന് ‘ഡ്രോപ്പ്' ചെയ്യുന്നവർ അതിന്റെ ലൊക്കേഷൻ രാഗേഷിന് കൈമാറും. രാഗേഷ് ഇത് ലിജോയ്ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഡിവൈഎസ്-പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐമാരായ അരുൺ രാജ്, അഭിജിത്, എഎസ്ഐ എം വി ബിനു, സിപിഒ സജാസ് എന്നിവരായിരുന്നു അന്വേഷകസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.









0 comments