മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി 2 വർഷത്തിനുശേഷം പിടിയിൽ

രാഗേഷ്
നെടുമ്പാശേരി
മയക്കുമരുന്ന് കേസിലെ പ്രധാനപ്രതി രണ്ടു വർഷത്തിനുശേഷം പൊലീസ് പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടുതൊടി വീട്ടിൽ രാഗേഷിനെ (ജുമാഞ്ചി–32)യാണ് നെടുമ്പാശേരി പൊലീസ് ഹിമാചൽപ്രദേശിലെ കുളുവിൽനിന്ന് പിടികൂടിയത്. 2024 ജൂൺ 27ന് ബംഗളൂരുവിൽനിന്ന് കാറിൽ കടത്തിയ 316 ഗ്രാം എംഡിഎംഎ, 2 എൽഎസ്‌ഡി സ്റ്റാമ്പ്, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽവച്ച് പിടിച്ച കേസിലാണ് അറസ്‌റ്റ്.
ആലുവ ചാലയ്‌ക്കൽ തോട്ടുമുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്ത് വാഹനവും കസ്റ്റഡിയിലെടുത്തിരുന്നു. മയക്കുമരുന്നിനായി സാമ്പത്തിക സഹായം ചെയ്തയാളാണ് രാഗേഷ്. കൂടെയുള്ളവർ പിടിയിലായതറിഞ്ഞ് രാഗേഷ് ഒളിവിൽപ്പോയി. കുളുവിൽ ബേസ് ക്യാമ്പിൽനിന്ന് 20 കിലോമീറ്റർ മുകളിൽ റിസോർട്ടിൽ ടൂറിസ്റ്റ് ഗൈഡായാണ് ഒളിവിൽ കഴിഞ്ഞത്.
അന്വേഷകസംഘം വിനോദസഞ്ചാരികളായി വേഷംമാറി ദിവസങ്ങളോളം കുളുവിൽ താമസിച്ചാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്. റൂറൽ എസ്‌പി കെ എസ് സുദർശന്റെ നേതൃത്വത്തിൽ ഡിവൈഎസ്‌പി ബൈജു പൗലോസ്, സിഐ ബി കെ അരുൺ, എസ്ഐമാരായ അരുൺ രാജ്, റോണി അഗസ്റ്റിൻ, എഎസ്ഐ എം വി ബിനു, സിപിഒ സജാസ് എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









0 comments