ad
Deshabhimani

 കുടിവെള്ളവിതരണം പ്രതിസന്ധിയിൽ

ടാങ്ക് പണി പൂർത്തിയായിട്ടും പൈപ്പുകൾ സ്ഥാപിച്ചില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2026, 12:57 AM | 1 min read

പെരുമ്പാവൂർ


പതിനഞ്ച്‌ ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കിന്റെ പണി പൂർത്തിയായിട്ടും പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടില്ല. ഇതുമൂലം കുടിവെള്ള വിതരണം തുടങ്ങാനാകാത്തതിൽ പ്രതിഷേധം ശക്തമാണ്‌. വെങ്ങോല പഞ്ചായത്ത് അറയ്ക്കപ്പടി ഓണംവേലി ഭാഗത്ത് എൽഡിഎഫ് ഭരണകാലത്താണ് കൂറ്റൻ വാട്ടർടാങ്ക് പണി പൂർത്തിയാക്കിയത്.


ലൈൻ വലിക്കുന്നതിനായി വലിയ പൈപ്പുകളും ഇറക്കിയിരുന്നു. എന്നാൽ പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി വകുപ്പ്‌ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് പദ്ധതി പൂർത്തീകരിക്കാൻ എംഎൽഎയും പഞ്ചായത്ത് ഭരണസമിതിയും താല്പര്യം എടുക്കാതിരുന്നതുമൂലമാണ് ഈ സ്ഥിതി വന്നതെന്നാണ് ആക്ഷേപം.


വെങ്ങോല, രായമംഗലം പഞ്ചായത്തുകളിലെ കുടിവെള്ളവിതരണത്തിന് ആവശ്യമായ സംഭരണശേഷിയുള്ളതാണ് ജല ജീവൻ പദ്ധതിയിൽ നിർമിച്ചിട്ടുള്ള ഈ ടാങ്ക്. വേനൽക്കാലമായാൽ പങ്കിമല, ചുണ്ടമല, പൂമല, നെടുമല പ്രദേശങ്ങളിൽ ദിവസങ്ങളോളം കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ്. പതിറ്റാണ്ടുകൾക്ക് മുന്പ്‌ സ്ഥാപിച്ച പൈപ്പുകൾ പലയിടത്തും നിരന്തരമായി പൊട്ടുന്നതാണ് കുടിവെള്ളവിതരണം മുടങ്ങാൻ കാരണം. ഇതിനു പരിഹാരമായാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ പദ്ധതി ആവിഷ്കരിച്ചത്. ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും എംഎൽഎയുടെയും അനാസ്ഥ മൂലം നിരവധി കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിൽ കഴിയുന്നത്.


ഉടൻ പൈപ്പ് ലൈൻ സ്ഥാപിച്ച്‌ കുടിവെള്ളവിതരണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ, ജലവിഭവ വകുപ്പ് മന്ത്രിമാർക്കും വെങ്ങോല പഞ്ചായത്തംഗം ബേസിൽ കുര്യാക്കോസ് നിവേദനം നൽകിയിട്ടുണ്ട്. പദ്ധതി പൂർത്തീകരിക്കുന്നതുവരെ വരൾച്ചബാധിത പ്രദേശങ്ങളിൽ മുടങ്ങാതെ കുടിവെള്ളമെത്തിക്കാൻ സംവിധാനം ഒരുക്കണമെന്ന് പഞ്ചായത്ത് അധികൃതരോടും വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി അധികൃതരോടും സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി പി ഫൈസൽ ആവശ്യപ്പെട്ടു. അടിയന്തരനടപടി സ്വീകരിക്കാത്തപക്ഷം ബഹുജനപ്രക്ഷോഭം ആരംഭിക്കേണ്ടിവരുമെന്നും സൂചിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home