എടവനക്കാട് വീണ്ടും കുടിവെള്ളക്ഷാമം

എടവനക്കാട് കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ എ സാജിത്തിന്റെ നേതൃത്വത്തില്‍ വാട്ടർ അതോറിറ്റി പറവൂർ ഓഫീസിൽ കുത്തിയിരിപ്പുസമരം നടത്തുന്നു
വൈപ്പിൻ
എടവനക്കാട് പഞ്ചായത്തിലെ തീരമേഖലയിലും മറ്റും ഇപ്പോഴും തുടരുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരമാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ എ സാജിത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച പറവൂർ വാട്ടർ അതോറിറ്റി അസി. എക്സി. ഓഫീസിലെത്തി കുത്തിയിരിപ്പുസമരം നടത്തി. തുടർന്ന് ബുധനാഴ്‌ചമുതൽ എടവനക്കാട് ടാങ്കിൽനിന്നുള്ള വെള്ളം വിതരണം മൂന്നു മണിക്കൂർ വർധിപ്പിച്ചു. ഇതോടെ ക്ഷാമത്തിന് നേരിയ ശമനമുണ്ടായി.
പറവൂരിൽനിന്ന് വൈപ്പിൻ മേഖലയിലേക്ക് വേണ്ടത്ര വെള്ളം എത്താത്തതാണ് എടവനക്കാട്ടെ ക്ഷാമത്തിനു കാരണം. എന്നാൽ, കാറ്റിനെ തുടർന്ന് പറവൂരിലുണ്ടായ വൈദ്യുതി തടസ്സമാണ് പന്പിങ് തടസ്സപ്പെടുത്തിയതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. മാത്രമല്ല ലൈനിൽ മോട്ടോർപമ്പ് ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്നത് മേഖലയിൽ വ്യാപകമാണെന്നും അവർ പറഞ്ഞു. വാട്ടർ അതോറിറ്റി നടത്തിയ പരിശോധനയിൽ 16–ാംവാർഡിലെ വീട്ടിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്നത് കണ്ടെത്തി. ഇവരുടെ വാട്ടർ കണക്‌ഷൻ വിച്ഛേദിച്ച് പിഴ വിധിച്ചു.
വരുംദിവസങ്ങളിൽ കുടിവെള്ളം എല്ലായിടത്തും എത്തുമെന്ന അധികൃതരുടെ ഉറപ്പിന്മേൽ പ്രസിഡന്റും അംഗങ്ങളും സമരം അവസാനിപ്പിക്കുകയായിരുന്നു.
സമരത്തിൽ സ്ഥിരംസമിതി അധ്യക്ഷൻ പി പി പ്രബിൻ, എം ജെ ഫിറോസ്, എം ജെ ഫിറോസ്, എം എൻ റിനീഷ് എന്നിവർ പങ്കെടുത്തു.











0 comments