ദേശീയപാത നിർമാണം
നഗരസഭാ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം

പറവൂർ
ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് നഗരസഭയുടെ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. 23 മുതൽ 29 വാർഡുകളിൽ ശുദ്ധജലം കിട്ടാതെ ജനം വലയുകയാണ്. പ്രതിസന്ധി തുടങ്ങിയിട്ട് ഒമ്പത് മാസമായി. പ്രശ്‌നം പരിഹരിക്കാത്തതിനെതിരെ കഴിഞ്ഞദിവസം ചേർന്ന നഗരസഭ കൗൺസിലിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവ് സി എ രാജീവ് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു.
പാത നിർമാണവുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയും ദേശീയപാത അധികൃതരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഈ മേഖലകളിലേക്ക് വെള്ളമെത്തിക്കാൻ തെക്കേനാലുവഴിയിലും തോന്ന്യകാവ് ഭാഗത്തും സ്‌ഥാപിച്ചിരുന്ന രണ്ട് പ്രധാന പൈപ്പുകൾ വിച്ഛേദിച്ചിരുന്നു. പിന്നീട് ദേശീയപാത അധികൃതർ ഇവ പുനഃസ്ഥാപിക്കാമെന്നു പറഞ്ഞിരുന്നു. ജല അതോറിറ്റി എസ്റ്റിമേറ്റ് എടുത്തുനൽകിയിട്ടും നടപടിയുണ്ടായില്ല.
പ്രതിഷേധമുയർന്നപ്പോൾ ചില അറ്റകുറ്റപ്പണി നടത്തിയെങ്കിലും കൃത്യമായി വെള്ളം ലഭിക്കുന്നില്ല. ചില സമയങ്ങൾ പൈപ്പിലൂടെ നൂലുപോലെയാണ് വെള്ളം കിട്ടുന്നത്. ജല അതോറിറ്റിയും ദേശീയപാത അധികൃതരും തമ്മിലുണ്ടാക്കിയ കരാർ എത്രയുംവേഗം പാലിക്കണമെന്നും മുറിച്ചുകളഞ്ഞ പൈപ്പ് അടിയന്തരമായി പുനഃസ്‌ഥാപിക്കണമെന്നും സി എ രാജീവ് പറഞ്ഞു.











0 comments