തൃക്കാക്കരയിൽ കുടിവെള്ളപൈപ്പ് പൊട്ടി
പൈപ്പ്‌ലൈൻ ജങ്‌ഷനിൽ വെള്ളക്കെട്ടും ഗതാഗതതടസ്സവും

തൃക്കാക്കര പൈപ്പ്‌ലൈൻ ജങ്ഷന് സമീപം വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ
തൃക്കാക്കര
പൈപ്പ്‌ലൈൻ ജങ്‌ഷനുസമീപം വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ളപൈപ്പ് പൊട്ടി റോഡിൽ കനത്ത വെള്ളക്കെട്ട്. യൂണിവേഴ്സിറ്റിക്കും പൈപ്പ്‌ലൈൻ ജങ്‌ഷനും ഇടയിൽ പാലാരിവട്ടത്തേക്ക് തിരിയുന്ന ഭാഗത്താണ് ബുധൻ രാത്രി ഒന്പതോടെ റോഡിനടിയിലെ വലിയ പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടിയതോടെ ശക്തമായി വെള്ളം പുറത്തേക്ക് ഒഴുകി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇതിനിടെ ഗർത്തത്തിലേക്ക് ബൈക്ക് യാത്രികരായ രണ്ടുപേർ വീണെങ്കിലും നാട്ടുകാർ രക്ഷിച്ചു. ഇരുവർക്കും പരിക്കുകളില്ല. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റോഡിലെ വെള്ളം സമീപത്തെ തോടുകളിലേക്കും കനാലുകളിലേക്കും വാർഡ് കൗൺസിലർമാരായ നിഷാബീവി, ടി ടി ബാബു എന്നിവരുടെ നേതൃത്വത്തിൽ തിരിച്ചുവിട്ടു.
അപകടസാധ്യത കണക്കിലെടുത്ത് പമ്പിങ് താൽക്കാലികമായി നിർത്തിവച്ചതോടെ വെള്ളത്തിന്റെ ഒഴുക്ക് ഭാഗികമായി കുറഞ്ഞു. കളമശേരിയിൽനിന്ന് തോപ്പിൽ ഹൗസിലേക്ക് ശുദ്ധജലമെത്തിക്കുന്ന പ്രധാന പൈപ്പ്‌ലൈനാണ് പൊട്ടിയത്. ഇതോടെ തൃക്കാക്കരയിലെ വിവിധ ഭാഗങ്ങളിലെ കുടിവെള്ളവിതരണം തടസ്സപ്പെട്ടു.
പൈപ്പ് അറ്റകുറ്റപ്പണി നടത്തി കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാനുള്ള നടപടി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങി. റോഡിൽ രൂപപ്പെട്ട ഗർത്തവും വെള്ളക്കെട്ടുംമൂലം ഗതാഗതത്തിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി തടഞ്ഞു.










0 comments