ad
Deshabhimani

താമസത്തിന് ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം

എറണാകുളത്തും ഇരുമ്പനത്തും 
ക്വാർട്ടേഴ്സ് നിർമിക്കണം: ഡിആർഇയു

DREU

പകരം സംവിധാനം ഏർപ്പെടുത്താതെ എറണാകുളം സൗത്തിലെ റെയിൽവേ ക്വാർട്ടേഴ്സ് ഒഴിപ്പിക്കുന്നതിനെതിരെ 
ജീവനക്കാർ നടത്തിയ പ്രതിഷേധമാർച്ച്

വെബ് ഡെസ്ക്

Published on Jul 16, 2026, 02:46 AM | 1 min read

കൊച്ചി


റെയിൽവേ ജീവനക്കാരുടെയും കുടുംബങ്ങളുടെയും പാര്‍പ്പിടസൗകര്യപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡിആര്‍ഇയു), ലോക്കോ റണ്ണിങ്‌ സ്റ്റാഫ്‌ അസോസിയേഷൻ, സ്റ്റേഷൻ മാസ്റ്റർ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.

എൻ രവികുമാർ ഉദ്ഘാടനം ചെയ്തു. ദീപ ദിവാകരൻ അധ്യക്ഷനായി. എം എൽ വിബി, സി സതീഷ്, ഭൂഷൻ കുമാർ, ശ്രീകുമാർ എം കെ ബിജോയ്‌, നിതി പാൻഡെ, സുരേഷ്, ഷിജു കാഞ്ഞിരമറ്റം എന്നിവർ സംസാരിച്ചു.


​എറണാകുളം ജങ്ഷനിൽ നിലവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ 20 ക്വാർട്ടേഴ്സ് മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഇത് 40 എണ്ണമായി വർധിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. എറണാകുളം ജങ്ഷന്‍ നോർത്ത് കോളനിയിൽ 65 കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ പഴക്കം മൂലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒഴിപ്പിക്കൽ നോട്ടീസ് നൽകി. താല്‍ക്കാലികമായി ഈ നോട്ടീസ് മരവിപ്പിച്ചെങ്കിലും പ്രശ്ന പരിഹാരം നീളും. പൊളിച്ചുമാറ്റുന്ന ക്വാർട്ടേഴ്സുകൾക്ക് പകരം പുതിയ താമസസൗകര്യം അനുവദിക്കണമെന്നും, ഈ നിര്‍മാണം എറണാകുളം ജങ്ഷൻ സ്റ്റേഷൻ പുനർവികസന പദ്ധതിയുടെ ഭാഗമാക്കണമെന്നും 250 ക്വാർട്ടേഴ്സ് നിർമിക്കാന്‍ മാസ്റ്റർ പ്ലാൻ അംഗീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.


എറണാകുളം ഗുഡ്സ് ഡിപ്പോ ഇരുമ്പനത്തേക്ക് മാറ്റാനുള്ള നിർദേശം പരിഗണനയിലിരിക്കുന്നതിനാൽ അവിടെയും റെയിൽവേ ക്വാർട്ടേഴ്സ് നിർമിക്കണമെന്നും ആവശ്യം ഉന്നയിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനവും നല്‍കി. ഡിആർഇയു ജനറൽ സെക്രട്ടറി എ എം ബേബി ഷക്കീല നിവേദനം കൈമാറി.

ഇരുമ്പനത്ത് കഴിഞ്ഞ ദിവസം റെയില്‍വേയുടെ ഒരു ജീർണിച്ച കെട്ടിടം തകർന്നുവീണിരുന്നു. അതേ പഴക്കമുളള്ള ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നതിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന്‌ ജീവനക്കാർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home