ad
Deshabhimani

സത്താർ ദ്വീപിന് ഭീഷണിയായി 
പുഴയിലെ മണ്ണെടുപ്പ്

dredging
വെബ് ഡെസ്ക്

Published on Nov 28, 2025, 02:15 AM | 1 min read


പറവൂർ

മണ്ണ് ഖനനംമൂലം സത്താർ ദ്വീപിന്റെ നിലനില്‍പ്പ്‌ ഭീഷണിയിൽ. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്തെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.

ദേശീയപാത 66 നിർമാണത്തിനുവേണ്ടിയാണ് രണ്ട് മാസമായി ദ്വീപിനുസമീപം പുഴയിൽനിന്ന്‌ മണ്ണെടുക്കുന്നത്. അടിസ്‌ഥാനസൗകര്യങ്ങളുടെ അഭാവമുള്ള ദ്വീപിന്റെ കുറച്ചുഭാഗങ്ങളിൽ മാത്രമെ ചിറയുള്ളു, ഉള്ളതുതന്നെ തകർന്നനിലയിലാണ്.


ചിറയോടുചേർന്നുള്ള ഭാഗങ്ങളിൽ ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് ഖനനം ചെയ്യുന്നതിനാല്‍ ഈ ഭാഗത്തെ വീടുകൾക്ക് ഭീഷണിയുണ്ടെന്നും ഇതു തുടർന്നാൽ ദ്വീപിന്റെ നിലനിൽപ്പ്‌ അപകടത്തിലാകുമെന്നും നാട്ടുകാർ പറഞ്ഞു.


പകലും രാത്രിയും ഖനനം നടത്തുന്നുണ്ട്. വടക്കേക്കര പഞ്ചായത്തിന്റെ മൂന്നാംവാർഡിലാണ് 100 ഏക്കറുള്ള സത്താർ ദ്വീപ് സ്‌ഥിതിചെയ്യുന്നത്. 114 കുടുംബങ്ങളിലായി ആയിരത്തോളം ആളുകൾ ഇവിടെ താമസിക്കുന്നു. വർഷങ്ങൾക്കുമുമ്പ് നിർമിച്ച ചെറിയൊരു പാലം മാത്രമാണ് ഏക പ്രവേശനമാർഗം. ദ്വീപിലേക്ക് റോഡും ഗതാഗതസൗകര്യമുള്ള പാലവും അടിസ്ഥാനവികസനവും പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. വേലിയേറ്റ ഭീഷണികൂടിയുള്ള ദ്വീപിന്റെ വികസനത്തിനായി പാലം, റോഡ്, പുഴത്തീരത്ത് സംരക്ഷണഭിത്തി എന്നീ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സത്താർ ദ്വീപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ അനിശ്ചിതകാല സമരത്തിലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home