ദേ ഡബിൾ ഡെക്കർ റെഡി ട്ടോ

കൊച്ചി
നഗരക്കാഴ്ചകളിലേക്ക് രാത്രിസഞ്ചാരമൊരുക്കി കെഎസ്ആർടിസി ഓപ്പൺ ഡബിൾ ഡെക്കർ ബസ് ചൊവ്വാഴ്‌ച സർവീസ് തുടങ്ങും. വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. കൊച്ചി നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുംവിധമാണ് സർവീസ് ഒരുക്കിയിരിക്കുന്നത്.
മുൻകൂട്ടി ബുക്ക് ചെയ്താൽ ജന്മദിനം, വിവാഹവാർഷികം, ഒത്തുചേരലുകൾ തുടങ്ങിയ ആഘോഷങ്ങൾ നഗരക്കാഴ്ചയുടെ പശ്ചാത്തലത്തിൽ നടത്താനും ഡബിൾ ഡെക്കറിൽ സൗകര്യമുണ്ടാകും. മുകളിലെ ഡെക്കിലിരുന്ന് മൂന്നുമണിക്കൂർ യാത്ര ചെയ്യാൻ 300 രൂപയും താഴെ യാത്ര ചെയ്യാൻ 150 രൂപയുമാണ് നിരക്ക്. മുകൾനിലയിൽ 39 സീറ്റും താഴെ 24 സീറ്റുമുണ്ട്. വൈകിട്ട് അഞ്ചിന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നാണ് ബസ് പുറപ്പെടുക. തുടർന്ന് തേവരവഴി, തോപ്പുംപടി കോപ്റ്റ് അവന്യൂ വാക് വേ എത്തും. ഇവിടെ സഞ്ചാരികൾക്ക് കായൽതീരത്തെ നടപ്പാതയും പാർക്കും ആസ്വദിക്കാം. തുടർന്ന് തേവരവഴി മറൈൻഡ്രൈവ്, ഹൈക്കോടതി, മൂന്ന് ഗോശ്രീ പാലങ്ങൾ കയറി കാളമുക്ക് ജങ്‌ഷനിൽ എത്തും. തിരിച്ച് രാത്രി എട്ടിന് സ്റ്റാൻഡിൽ എത്തും. ഓൺലൈൻവഴിയും കെഎസ്ആർടിസി സ്റ്റാൻഡിൽ നേരിട്ടെത്തിയും സീറ്റ് ബുക്ക് ചെയ്യാം.








0 comments