ad
Deshabhimani

6 കേസുകളിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം

ഇ‍ൗടായി നൽകിയ ആധാരം പണയംവച്ച് തട്ടിപ്പ്‌

documents
വെബ് ഡെസ്ക്

Published on Jul 17, 2026, 02:43 AM | 1 min read

കൊച്ചി


വായ്‌പയായി വാങ്ങിയ തുകയ്ക്ക് ഈടായി നൽകിയ ആധാരങ്ങള്‍ ഉടമയറിയാതെ പണയംവച്ച് കോടികള്‍ തട്ടിയ ആറ്‌ കേസുകളിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു. പാലാരിവട്ടം സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത അഞ്ച്‌ കേസിലും പുത്തൻകുരിശ്‌ സ്‌റ്റേഷനിലെ ഒരു കേസിലുമാണ്‌ ക്രൈംബ്രാഞ്ച്‌ സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം.


ഇതിനുപുറമെ, 49.14 കോടിയുടെ വായ്പ കുടിശ്ശികയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശി നൽകിയ പരാതിയില്‍ ജൂണിൽ പാലാരിവട്ടം പൊലീസ്‌ ആറാമത്തെ കേസെടുത്തിരുന്നു. ഇതും ഉടനെ ക്രൈംബ്രാഞ്ചിന്‌ കൈമാറും. പാലാരിവട്ടം കാഞ്ഞിരവെല്ലി ട്രേഡേഴ്‌സ്‌ ഉടമകളായ ജെന്നി വർഗീസ്‌, ജിനു വർഗീസ്‌, ജീബ ജെന്നി, മെറീന ജിനു, ഇടപ്പള്ളി സ‍ൗത്ത്‌ ജെനുവിൻ അഗ്രോ സ്‌പൈസസ്‌ ഉടമ കെ വി ജിനു എന്നിവരെ ഒന്നുമുതൽ അഞ്ചുവരെ പ്രതികളാക്കിയാണ്‌ ഇ‍ൗ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്‌.


1.7 കോടിയുടെ ബാങ്ക് വായ്പ അടച്ചുതീര്‍ക്കാന്‍ 2017-ല്‍ പണം നല്‍കിയ സംഘം ഇടപ്പള്ളി സ്വദേശിയുടെ കൈവശമുള്ള രണ്ട് ആധാരങ്ങള്‍ പ്രതികൾ ഇ‍ൗടായി വാങ്ങിയിരുന്നു. തുടര്‍ന്ന് 2021 ഏപ്രിലില്‍ കന്പനി പൊതുമേഖലാ ബാങ്കിന്റെ പനമ്പിള്ളിനഗര്‍ ശാഖയില്‍നിന്ന് വായ്പയെടുക്കുന്നതിന് സാക്ഷി എന്ന രീതിയില്‍ പരാതിക്കാരനെക്കൊണ്ട് ഒപ്പിടുവിച്ചു. ഇതുപയോഗിച്ച് സംഘം വായ്പയെടുത്ത്‌ 13.17 കോടിയുടെ ബാധ്യത വരുത്തി. 2024-ല്‍ പരാതിക്കാരന്റെ മറ്റു മൂന്ന് ആധാരങ്ങള്‍ രണ്ട്‌ സ്ഥാപനത്തിന്റെ പേരിൽ പാലാരിവട്ടത്തെ പുതുതലമുറ ബാങ്കില്‍ ഈടുവച്ചും ഇവർ വായ്പയെടുത്തു. ഇതില്‍ 35.97 കോടി രൂപയും കുടിശ്ശികയാക്കി.

കോലഞ്ചേരി സ്വദേശിയുടെ പരാതിയിൽ പുത്തൻകുരിശ്‌ സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ 30 കോടിയുടെ തട്ടിപ്പാണ്‌ നടന്നത്‌. ഒരുകോടി രൂപയുടെ വായ്‌പ ശരിയാക്കാമെന്ന്‌ പറഞ്ഞ്‌ ഏജന്റാണ്‌ കോലഞ്ചേരി സ്വദേശിയെ സമീപിച്ചത്‌. തുടർന്ന്‌ പ്രതികൾക്ക്‌ ആധാരവും മുദ്രപ്പത്രവും ചെക്കും കൈമാറി. ഇത്‌ മറ്റൊരു ബാങ്കിൽ പണയംവച്ച്‌ പ്രതികൾ 30 കോടി രൂപ വായ്‌പയെടുക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home