ജില്ലാ സ്കൂൾ ശാസ്ത്രോത്സവം; ലോഗോ പ്രകാശിപ്പിച്ചു

റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ എറണാകുളം ഡയറ്റ് പ്രിൻസിപ്പൽ ജി എസ് ദീപ പ്രകാശിപ്പിക്കുന്നു
കൊച്ചി
റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ എറണാകുളം ഡയറ്റ് പ്രിൻസിപ്പൽ ജി എസ് ദീപ പ്രകാശിപ്പിച്ചു. നവംബർ ഏഴ്, ഒന്പത്, പത്ത് തീയതികളിൽ മൂവാറ്റുപുഴയിലാണ് ശാസ്‌ത്രോത്സവം. ഐടി, ഗണിതശാസ്ത്ര മേളകൾ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസിൽ നടക്കും.
സോഷ്യൽ സയൻസ് എസ്എൻഡിപിഎച്ച്എസ്എസിലും സയൻസ് നിർമല എച്ച്എസ്എസിലും പ്രവൃത്തിപരിചയമേള തർബിയത്ത് ട്രസ്റ്റ് വിഎച്ച്എസ്എസിലും വൊക്കേഷണൽ എക്സ്പോ ഗവ. മോഡൽ എച്ച്എസ്എസിലുമാണ്.14 ഉപജില്ലകളിൽനിന്നായി 4000 മത്സരാർഥികൾ പങ്കെടുക്കും.
മട്ടാഞ്ചേരി ടിഡിഎച്ച്എസിലെ ഒന്പതാംക്ലാസ് വിദ്യാർഥിനി അക്ഷദ എ കമ്മത്താണ് ലോഗോ തയ്യാറാക്കിയത്. ഫോർട്ട് കൊച്ചി കേംബിരി റോഡ് ഗീത സദനിലെ അഭിലാഷ് എൻ കമ്മത്തിന്റെയും നവനീതയുടെയും മകളാണ്. അക്ഷദക്ക് മേളയുടെ സമാപന വേദിയിൽ പുരസ്‌കാരം നൽകും.
ലോഗോ പ്രകാശിപ്പിക്കൽച്ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഡിപിസി പി എ റഹീം, ഡിപിഒമാരായ ദീപ ദേവി, മായ റാണി, ഇ എച്ച് അനുപമ, ജോയി സെബാസ്റ്റ്യൻ, പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ ജയ്സൺ ജോസഫ്, ജോമോൻ ജോസ് എന്നിവർ സംസാരിച്ചു.







0 comments