സിഐടിയു ജില്ലാ സമ്മേളനം നാളെ തുടങ്ങും

ഫോർട്ട്കൊച്ചി
സിഐടിയു ജില്ലാ സമ്മേളനം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫോർട്ട്കൊച്ചിയിൽ നടക്കും. തിങ്കൾ വൈകിട്ട് ആറിന് പതാക, കൊടിമര ജാഥകൾ പൊതുസമ്മേളന വേദിയായ വെളി മൈതാനത്തെ എം എം ലോറൻസ് നഗറിൽ സംഗമിച്ച് സമ്മേളന പതാക ഉയർത്തും. ചൊവ്വ രാവിലെ ഒമ്പതിന് കെ ജെ ജേക്കബ്–ടി എം മുഹമ്മദ് നഗറിൽ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 14ന് വൈകിട്ട് തൊഴിലാളിറാലി, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.
ജില്ലയിലെ 173 യൂണിയനുകളിലെ രണ്ടരലക്ഷത്തോളം തൊഴിലാളികളെ പ്രതിനിധീകരിച്ച് 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. തിങ്കളാഴ്‌ച മട്ടാഞ്ചേരിയിൽ സെയ്ത്, സെയ്താലി, ആന്റണി രക്തസാക്ഷികളുടെ സ്മൃതികുടീരം സ്ഥിതിചെയ്യുന്ന ചക്കരയിടുക്കിൽനിന്ന് കെ വി മനോജ് ക്യാപ്റ്റനായ പതാകജാഥ ആരംഭിക്കും. കളമശേരിയിലെ ഏലൂരിൽ തൊഴിലാളികളുടെ പണിമുടക്കിനിടെ രക്തസാക്ഷിത്വം വരിച്ച അബ്ദുൾ റസാഖിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് എം പി ഉദയൻ ക്യാപ്റ്റനായ കൊടിമരജാഥയും ആരംഭിക്കും. വൈകിട്ട് ആറിന് ഫോർട്ട്‌കൊച്ചിയിൽ ഇരുജാഥകളും സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ കെ ജെ മാക്സി പതാക ഉയർത്തും.
പ്രതിനിധിസമ്മേളനം ബുധൻ പകല്‍ മൂന്നുവരെ തുടരും.
സമാപനത്തോടനുബന്ധിച്ചുള്ള തൊഴിലാളിറാലി കൂവപ്പാടത്തുനിന്ന് ആരംഭിക്കും. തുടര്‍ന്ന് ഫോർട്ട്കൊച്ചി വെളിമൈതാനത്ത് ചേരുന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളിധരൻ, പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, കെ ജെ മാക്സി, കെ എം റിയാദ്, ബെനഡിക്ട് ഫെർണാണ്ടസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments