അക്ഷരമുറ്റത്തെ അറിവുത്സവം അടുത്ത ഘട്ടത്തിലേക്ക്
അറിവിന്റെ ആകാശത്തേക്ക് പറന്നുയരാൻ

സ്വന്തം ലേഖകൻ
കോഴിക്കോട്
"അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാരാണ്?' ഇൗ വർഷം ജൂലൈയിൽ ഇംഗ്ലണ്ടുമായി നടന്ന മത്സരത്തിൽ ആ റെക്കോർഡ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശിയെ ഓർമയിലുള്ളവർ തെല്ലും സമയം കളയാതെയാണ് ഉത്തരമെഴുതിയത്. അറിയുന്ന ഉത്തരങ്ങൾക്കുള്ള ചോദ്യം വന്നപ്പോഴൊക്കെ പുഞ്ചിരി. അറിയാത്തത് വന്നപ്പോൾ ടെൻഷൻ...ഭാവങ്ങൾ മാറിമറിഞ്ഞ വാശിയേറിയ ഉപജില്ലാ മത്സരങ്ങളോടെ ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് അടുത്ത ഘട്ടത്തിലേക്ക്. ഉപജില്ലാ മത്സരങ്ങൾ ശനിയാഴ്‌ച വിവിധ കേന്ദ്രങ്ങളിലായി നടന്നു. 17 ഉപ ജില്ലകളിലായി നടന്ന ജനകീയോത്സവത്തിൽ അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും പങ്കുചേർന്നു. 25ന് -ഫറോക്ക് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് ജില്ലാതല മത്സരം. കണക്കിലെ കളികളും ചിത്രം കാട്ടി ആളെ തിരിച്ചറിയുന്നതും തുടങ്ങി വിവിധ തരത്തിലുള്ള ചോദ്യങ്ങളുൾപ്പെടുത്തിയായിരുന്നു മത്സരം. അധികാര ദുർവിനിയോഗത്തിലൂടെ ഭരണഘടനയും തെരഞ്ഞെടുപ്പ് പ്രക്രിയയും അട്ടിമറിച്ച്, ഭരണകൂടത്തിന് എല്ലാ ഒത്താശയും ചെയ്തുനൽകിയ തെരഞ്ഞെടുപ്പ് കമീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കുമെതിരെ വിദ്യാർഥികളുടെ വാക്കുകൾ തീയായി മാറി. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പ്രസംഗ മത്സരത്തിൽ "ജന്തർ മന്തറിൽനിന്ന് ഇന്ത്യ പറയുന്നത്' എന്ന വിഷയത്തിൽ സംസാരിക്കവേയാണ് വിദ്യാർഥികളുടെ രോഷം അലയടിച്ചത്. നീറ്റ് ചോദ്യപ്പേപ്പർ ചോർത്തിയും രാജ്യത്തെ ജനാധിപത്യം അട്ടിമറിച്ചും ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ അധികാരത്തിൽ തുടരരുതെന്ന വിദ്യാർഥികളുടെ പ്രസ്‌താവന കൂടിയായിരുന്നു പ്രസംഗ മത്സരം.









0 comments