ad
Deshabhimani

ദേശാഭിമാനി മാധ്യമ സെമിനാറുകൾ സമാപിച്ചു

dbi

ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമ പ്രതിരോധവും’ 
സെമിനാർ ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ ഹാളിൽ കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 24, 2026, 02:15 AM | 3 min read

കൊച്ചി


ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഏരിയ കമ്മിറ്റികളിലും സിപിഐ എം സംഘടിപ്പിച്ച മാധ്യമ സെമിനാറുകൾക്ക്‌ ആവേശ സമാപനം. ‘ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമ പ്രതിരോധവും’ എന്ന വിഷയത്തിലാണ്‌ 16 ഏരിയകളിലും സെമിനാർ സംഘടിപ്പിച്ചത്‌. ​


ബുധനാഴ്‌ച അങ്കമാലി, കളമശേരി, കൊച്ചി, കൂത്താട്ടുകുളം ഏരിയകളിലായിരുന്നു സെമിനാർ. അങ്കമാലി സിഎസ്‌എ ഹാളിൽ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാകമ്മിറ്റി അംഗം കെ കെ ഷിബു അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ്‌, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ തുളസി, സി കെ സലിംകുമാർ, ഏരിയ സെക്രട്ടറി കെ പി റെജീഷ്‌, ജിഷ ശ്യാം എന്നിവർ സംസാരിച്ചു.


ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ ഹാളിൽ കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എസ് രാജം അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ ജെ മാക്സി, കെ എം റിയാദ് എന്നിവരും കെ ജെ ആന്റണി, കെ എ അജേഷ്, പി ജെ ദാസൻ, മഞ്ജുള അനിൽകുമാർ, നിഷ ജോസഫ്, ഫൗസിയ റഹീം എന്നിവരും സംസാരിച്ചു.


നീറിക്കോട്‌ സഹകരണ ബാങ്ക്‌ ഹാളിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാകമ്മിറ്റി അംഗം എം കെ ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ, ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി എം ശശി, എ ആർ രഞ്ജിത്, ഏരിയകമ്മിറ്റി അംഗം സി പി ഉഷ എന്നിവർ സംസാരിച്ചു.


കൂത്താട്ടുകുളം ട‍ൗൺഹാളിൽ റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി പി ബി രതീഷ് അധ്യക്ഷനായി. സി എൻ പ്രഭകുമാർ, ഒ എൻ വിജയൻ, കെ പി സലിം, പി എസ് മോഹനൻ, എ ഡി ഗോപി, സണ്ണി കുര്യാക്കോസ്, ബീന ബാബുരാജ്, ഫെബീഷ് ജോർജ്, അരുൺ അശോകൻ, ജേക്കബ് രാജൻ എന്നിവർ സംസാരിച്ചു.​


സ‍ൗജന്യങ്ങൾ സ്വീകരിക്കുന്നത്‌ അഴിമതിക്ക്‌: പി രാജീവ്‌


കൊച്ചി


സ‍ൗജന്യങ്ങൾ ലഭിക്കുന്നത്‌ വി ഡി സതീശൻ എന്ന വ്യക്തിക്കല്ല മുഖ്യമന്ത്രി എന്ന പദവിക്കാണെന്നും അത്‌ സ്വീകരിക്കുന്നത്‌ അധികാര ദുർവിനിയോഗവും അഴിമതിയുമാണെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത്‌ ഇത്തരം സ‍ൗജന്യങ്ങളുമായി ആരും പിന്നാലെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി ‘ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമ പ്രതിരോധവും’ സെമിനാർ ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


​തെരഞ്ഞെടുപ്പുകാലത്ത്‌ ഇടതുപക്ഷത്തിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ തുടർച്ചയായി പ്രചരിപ്പിച്ച വാർത്തകളും വ്യാജ പ്രചാരണങ്ങളും സമൂഹത്തിലെ പൊതുബോധമായി മാറിയതും ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായി. അന്ന് ഉയർത്തിയ പല ആരോപണങ്ങളുടെയും യാഥാർഥ്യം ഇപ്പോൾ പുറത്തുവരുകയാണ്‌.


വലതുപക്ഷ മാധ്യമങ്ങളുടെ ഏകപക്ഷീയ പ്രചാരണങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ നേരിടാൻ ജനപക്ഷ മാധ്യമങ്ങൾക്ക് കൂടുതൽ കരുത്ത് പകരണമെന്നും പി രാജീവ് പറഞ്ഞു.

puthalathസിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ദേശാഭിമാനി സെമിനാർ ചീഫ് എഡിറ്റർ പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനം ചെയ്യുന്നു


യുഡിഎഫ്‌ കോർപറേറ്റ്‌ അജൻഡയ്‌ക്ക്‌ കീഴ്‌പ്പെടുന്നു: പുത്തലത്ത്‌ ദിനേശൻ


കൊച്ചി


ബിജെപിയുമായി ചേർന്ന്‌ ഇടതുപക്ഷത്തെ തകർക്കുകയെന്ന കോർപറേറ്റ്‌ അജൻഡയ്‌ക്ക്‌ യുഡിഎഫ്‌ കീഴ്പ്പെടുന്നുവെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ പറഞ്ഞു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ സിഎംആർഎൽ–എക്‌സാലോജിക്‌ കരാറുമായി ബന്ധപ്പെട്ട്‌ ഇഡിയുടെ നിർദേശം യുഡിഎഫ്‌ സർക്കാർ നടപ്പാക്കിയത്‌. കോർപറേറ്റുകളുടെ രാഷ്ട്രീയമാണ്‌ ബിജെപിയും യുഡിഎഫും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം അങ്കമാലി ഏരിയകമ്മിറ്റി ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറും അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വദിനാചരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പുത്തലത്ത്‌ ദിനേശൻ.


തൊഴിലാളിവർഗ രാഷ്ട്രീയം ശക്തിപ്പെടുന്നത്‌ പ്രതിരോധിക്കാൻ കോർപറേറ്റുകൾ കണ്ടെത്തിയത്‌ ബിജെപിയെയും മോദിയെയുമാണ്‌. കാരണം അവരുടെ നയങ്ങളും താൽപ്പര്യങ്ങളും നടപ്പാക്കാൻ കഴിയുന്നതിൽ ഒന്നാംസ്ഥാനത്ത്‌ നിൽക്കുന്നത്‌ സംഘപരിവാറാണ്‌. ജനകീയതാൽപ്പര്യം ഉയർത്തിപ്പിടിക്കാൻ കഴിയുന്നത്‌ ഇടതുപക്ഷത്തിനും ഇടതുപക്ഷമാധ്യമങ്ങൾക്കുമാണെന്നും പുത്തലത്ത്‌ ദിനേശൻ പറഞ്ഞു.


മാധ്യമങ്ങളുടെ നിയന്ത്രണം കോർപറേറ്റുകൾക്ക്‌: എം സ്വരാജ്


കൂത്താട്ടുകുളം


കേരളത്തിലെ ഉൾപ്പെടെ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്‌ കോർപറേറ്റുകളാണെന്നും ഇടതുപക്ഷം വിലപേശൽശക്തിയായി മാറുന്നതുപോലും അവർക്ക്‌ ആശങ്കയുണ്ടാക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായ മാധ്യമസെമിനാറും ഡേവിഡ് രാജന്റെ 24–ാം അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്.


സിപിഐ എമ്മിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കോർപറേറ്റുകൾ നയിക്കുന്ന മാധ്യമങ്ങൾ നിരന്തരം തെറ്റായ വാർത്തകൾ ചമയ്ക്കുന്നത്‌. ഭൂമികൈയേറ്റം, ക്ഷേത്രഭൂമികൈയേറ്റം, നികുതിവെട്ടിപ്പ് എന്നിങ്ങനെ വിവിധ കേസുകളിൽപ്പെട്ടവരാണ് മലയാളത്തിലെ പ്രധാന മാധ്യമമുതലാളിമാർ. ഇവരെല്ലാം ചേർന്ന് അടുത്തിടെ ജയിലിലടയ്‌ക്കപ്പെട്ട ചാനൽമേധാവിയെ വിചാരണചെയ്യുന്ന കാഴ്ചയും നമ്മൾ കണ്ടു.


തട്ടിപ്പുകാരും വെട്ടിപ്പുകാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌പോൺസർമാരാകുന്നത്‌ അവരുടെ തട്ടിപ്പും വെട്ടിപ്പും തടസ്സമില്ലാതെ തുടരാനാണ്‌. രാഷ്‌ട്രീയപ്രവർത്തനവും പൊതുപ്രവർത്തനവും അത്തരം സ്‌പോൺസർഷിപ്പുകളിൽ നടത്തേണ്ട കാര്യമല്ലെന്നും സ്വരാജ്‌ പറഞ്ഞു.


മാധ്യമങ്ങളെ ഉപയോഗിച്ച് നുണപ്രചാരണം: സി എൻ മോഹനൻ


കളമശേരി


യുഡിഎഫും ഹിന്ദുത്വശക്തികളും സിപിഐ എമ്മിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് നുണപ്രചാരണയുദ്ധം നയിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ പറഞ്ഞു. ‘ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമപ്രതിരോധവും’ വിഷയത്തിൽ കളമശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ സാമ്പത്തിക സഹായത്തോടെ മാധ്യമനുണകളെ ഉപയോഗിച്ച്‌ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ച രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്.


എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ വികസനം വരാൻപാടില്ലെന്ന നിലപാട് മനോരമയും മാതൃഭൂമിയും സ്വീകരിക്കുകയായിരുന്നു. മാധ്യമങ്ങൾ സൃഷ്ടിച്ച കമ്യൂണിസ്റ്റ്‌വിരുദ്ധ മനോഭാവമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ബലം. അതുകൊണ്ടാണ് വീണ്ടും താൻ ചാർട്ടർ വിമാനം ഉപയോഗിക്കുമെന്ന് വെല്ലുവിളിക്കുന്നത്. വൻകിട മുതലാളിമാർ കൈയടക്കിയ മാധ്യമങ്ങൾ അവരുടെ താൽപ്പര്യത്തിന് നിലകൊള്ളുമ്പോൾ സാധാരണക്കാരന്റെ ശബ്ദമായ ദേശാഭിമാനിയുടെ പ്രചാരണം ഓരോരുത്തരും ഏറ്റെടുക്കണമെന്നും സി എൻ മോഹനൻ പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home