വെയിലിൽ പൊരിഞ്ഞ് ഡെലിവറി തൊഴിലാളികള്‍

ചൂടിനെ പ്രതിരോധിക്കാൻ യുവി പ്രൊട്ടക്ഷൻ ആം സ്ലീവുകളും ഗ്ലൗസും ധരിച്ച് ഭക്ഷണവിതരണത്തിന് തയ്യാറെടുക്കുന്ന ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി
ഷെഹിൻഷാ
Published on Apr 26, 2026, 02:12 AM | 1 min read
കൊച്ചി
കഠിനമായ ചൂടിനോട് പടവെട്ടി ആവശ്യക്കാര്‍ക്ക് കൃത്യസമയത്ത് സാധനങ്ങള്‍ എത്തിക്കാന്‍ നെട്ടോട്ടമോടുകയാണ് ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍. കൊടുംചൂടിനെ ചെറുക്കാൻ ശരീരം മുഴുവൻ മൂടുന്നവിധം വസ്ത്രം ധരിച്ചും കൂടുതൽ വെള്ളം കുടിച്ചുമൊക്കെയാണ് നഗരപാതകളിലൂടെയുള്ള ഇവരുടെ ബൈക്ക്‌യാത്ര. ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസുവരെ ചൂട് ഉയരുന്ന സാഹചര്യത്തില്‍ സ്വിഗ്ഗി, സൊമാറ്റോ എന്നീ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളിൽ ഓര്‍ഡറുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. പകല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതാണ് ഓര്‍ഡറുകള്‍ ഉയരാന്‍ കാരണം.
ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട്, സെപ്റ്റോ എന്നീ പ്ലാറ്റ്ഫോമുകള്‍വഴി വീട്ടിലേക്ക് ആവശ്യമായ പലചരക്ക്, പച്ചക്കറി, മാംസം എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ചൂട് അതികഠിനമായ സമയങ്ങളിൽ മിക്ക ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളും ഓർഡർനിരക്കും വർധിപ്പിച്ചു. എന്നാല്‍, അതിനനുസരിച്ച് വിതരണത്തൊഴിലാളികൾക്ക് ബോണസോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ല. ഇന്ധനച്ചെലവ്, വാഹന പരിപാലനം, മൊബൈല്‍ ഡാറ്റ എന്നിവയ്ക്കായി നല്ലൊരു തുക തൊഴിലാളിക്ക് ചെലവുണ്ട്. ദിവസം മുഴുവന്‍ ജോലി ചെയ്താലും പ്രതീക്ഷിത പ്രതിഫലം കിട്ടുന്നില്ലെന്നാണ് ഏറെ പേരുടെയും പരാതി.
ഇത്തവണത്തെ വേനല്‍ക്കാലം അതികഠിനമാണ്. പൊള്ളുന്ന ചൂടിൽ മണിക്കൂറുകളോളമുള്ള ഇരുചക്രവാഹനയാത്ര ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി തൊഴിലാളികൾ പറഞ്ഞു. പാചകവാതക പ്രതിസന്ധിയും ഗതാഗതക്കുരുക്കുമാണ് മറ്റൊരു പ്രശ്നം. പാചകവാതകക്ഷാമം തുടങ്ങിയതോടെ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം ലഭിക്കാന്‍ അരമണിക്കൂർവരെ വൈകുന്നു. ഓർഡർചെയ്‌ത ഭക്ഷണം സമയത്ത് ലഭിക്കാത്തതിന് വിതരണത്തൊഴിലാളികളാണ് സമാധാനം പറയേണ്ടിവരിക. രോഷപ്രകടനത്തിനും ഇരയാകേണ്ടിവരുന്നു. വൈകിയാൽ ഉപഭോക്തൃപരാതിയും റേറ്റിങ്ങിലെ കുറവും നേരിടണം.











0 comments