കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക്
ലഹരിക്കെതിരെ വീട്ടമ്മമാർ സൈക്കിൾ ചവിട്ടും

ലഹരിവിരുദ്ധ സന്ദേശവുമായി കൊച്ചി മുതൽ തിരുവനന്തപുരംവരെ സൈക്കിൾ യാത്രയ്ക്ക് തയ്യാറെടുക്കുന്ന വീട്ടമ്മമാർ
കൊച്ചി
‘സേ നോ ടു ഡ്രഗ്‌സ്, സേ യെസ് ടു ലൈഫ്’ മുദ്രാവാക്യമുയർത്തി ലഹരിക്കെതിരെ സൈക്കിൾ സന്ദേശയാത്രയുമായി വീട്ടമ്മമാർ. ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് -കേരളീയത്തിന്റെ നേതൃത്വത്തിൽ ഷീ സൈക്ലിങ്ങും ഇന്റസ് മീഡിയയും ചേർന്നാണ് യാത്രയൊരുക്കുന്നത്. 12 വീട്ടമ്മമാർ അഞ്ച് ജില്ലകളിലായി ആറുദിവസംകൊണ്ട് 235 കിലോമീറ്റർ സൈക്ലിങ് നടത്തും.
നവംബർ രണ്ടിന് ഫോർട്ടുകൊച്ചിയിൽനിന്ന് ആരംഭിക്കുന്ന സൈക്ലത്തോൺ എട്ടിന് തിരുവനന്തപുരത്ത് സമാപിക്കും. വീട്ടമ്മമാർക്കുള്ള സൈക്കിളുകൾ എറണാകുളം പ്രസ്‌ക്ലബ്ബിൽ സംവിധായിക ഡയാന സിൽവസ്റ്റർ, നടി ശരണ്യ രാമചന്ദ്രൻ, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ, കൗൺസിലർ ഷീബ ലാൽ, പ്രീതി പ്രകാശ് എന്നിവർചേർന്ന് കൈമാറി. ഷീ സൈക്ലിങ് നാഷണൽ പ്രോജക്ട് കോ–ഓർഡിനേറ്റർ എം എ സീനത്താണ് ക്യാപ്റ്റൻ.
റൈഡേഴ്‌സ് ഇവർ
ഫോർട്ടുകൊച്ചിയിലെ മധ്യവയസ്‌കരായ വീട്ടമ്മമാരാണ് ‘റെഡർ’മാരാകുന്നത്. അറുപതുകാരി ലൈല നിസാറാണ് മുതിർന്ന അംഗം. റൂഹി യൂസഫ് സെയ്‌ദ്, സുനിത ഗഫൂർ, ബേബി നാസ്, പി എ സൈനബ, മുംതാസ് കബീർ, ട്രീസ സെബാസ്റ്റ്യൻ, ജെസി ജോണി, പി എ റഹാന, ഷബാന ഭായ്, ഷംല സുലൈമാൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
സ്‌കൂളുകളെ ഭാഗമാക്കും
യാത്ര കടന്നുപോകുന്ന ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 14 സ്കൂളുകളിലും നാല് കോളേജുകളിലും ബോധവൽക്കരണ പരിപാടി നടത്തും. സൈക്ലിങ് അംഗങ്ങളുടെ സ്‌കിറ്റും നാടൻപാട്ടുസംഘത്തിന്റെ കലാപരിപാടിയും ഉണ്ടാകും. എൻസിസി, എസ്‌പിസി, എൻഎസ്‌എസ് വളന്റിയർമാർ പരിപാടിയുടെ ഭാഗമാകും.
സമാപനം തിരുവനന്തപുരത്ത്
നവംബർ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സമാപനത്തിൽ അന്പതിലധികം വനിതാ സൈക്ലിസ്റ്റുകൾ പങ്കെടുക്കും. മാനവീയം വീഥിമുതൽ ശംഖുമുഖംവരെ ‘ലൂപ് റൈഡ്’ നടത്തും. മാനവീയം വീഥിയിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും.
വാർത്താസമ്മേളനത്തിൽ ഷീ സൈക്ലിങ് സീനിയർ നാഷണൽ പ്രോജക്ട് മാനേജർ പ്രകാശ് പി ഗോപിനാഥ്, എം എ സീനത്ത്, കേരളീയം സെക്രട്ടറി ജനറൽ ലാലു ജോസഫ്, അജയകുമാർ, ബി ബാലചന്ദ്രൻ, മുജീബ് ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.









0 comments