സൈബർ തട്ടിപ്പ് വ്യാപകം
ടെസ്‌ല കാർ തരാം, വില 5000 രൂപ


ശ്രീരാജ് ഓണക്കൂർ
Published on May 26, 2026, 02:31 AM | 1 min read
കൊച്ചി
ടെസ്‌ല കാർ 5000 രൂപയ്‌ക്ക് നൽകാമെന്ന വാഗ്‌ദാനവുമായി സമൂഹമാധ്യമങ്ങളിൽ തട്ടിപ്പ് വ്യാപകം. വിദേശത്തുനിന്നുള്ള വ്യക്തിയെന്ന് തോന്നിപ്പിക്കുന്ന അക്കൗണ്ടുകളിൽനിന്ന് ഇത്തരം വാഗ്‌ദാനങ്ങൾ വന്നാൽ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
നിങ്ങൾ എന്റെ ആരാധകനായി എത്രനാൾ തുടരുന്നുവെന്നതാണ് ആദ്യചോദ്യം.
ടെസ്‌ല വിഐപി മെന്പർഷിപ്
ഫാൻ കാർഡ് എന്നപേരിൽ
പ്രചരിപ്പിക്കുന്ന കാർഡ്
ആരാധകനല്ലെങ്കിലും കുഴപ്പമില്ലെന്ന് തുടർന്ന് പറയും. ടെസ്‌ല പാക്കേജ് ലഭിച്ചിട്ടുണ്ടോയെന്നാണ് അടുത്ത ചോദ്യം. വിഐപി മെന്പർഷിപ് ഫാൻ കാർഡ് ഉണ്ടോയെന്നും ആരായും. ഇൗ കാർഡ് ഉണ്ടെങ്കിൽമാത്രമേ ടെസ്‌ല പാക്കേജ് ലഭിക്കൂവെന്നും പറയും. ഇതാണ് തന്റെ വിഐപി മെന്പർഷിപ് ഫാൻ കാർഡ് എന്നുപറഞ്ഞ് ഏതെങ്കിലും വിദേശിയുടെ ചിത്രവും പേരുമുള്ള കാർഡിന്റെ ഫോട്ടോ അയച്ചുതരും. കാർഡിൽ ടെസ്‌ലയുടെ എംബ്ലം ഉണ്ടായിരിക്കും. ഫാൻ കാർഡ് ഉടനെ ആക്ടിവേറ്റ് ചെയ്യണമെന്നും ചെലവ് 5000 രൂപ മാത്രമാണെന്നും അറിയിക്കും.
ഇത്രയും ചെയ്‌താൽ 1.25 കോടിയോളംവരുന്ന ടെസ്‌ല കാർ സൗജന്യമായി ലഭിക്കുമെന്നും പറയും. പണം അയക്കേണ്ട അക്കൗണ്ട് നന്പറും നൽകും. ഇത് ഉത്തരേന്ത്യയിലെ ഏതെങ്കിലും ബാങ്കിലെ അക്കൗണ്ട് നന്പറായിരിക്കും. പണം അയച്ചശേഷം സ്‌ക്രീൻഷോട്ട് നൽകാൻ പറയും. അയക്കുന്നതോടെ തട്ടിപ്പുകാരൻ ആശയവിനിമയം അവസാനിപ്പിക്കും. തുടർന്ന് അടുത്ത ഇരയെത്തേടി പോകും. ഇത്തരം തട്ടിപ്പിനിരയായാൽ ഉടനെ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930യിലോ അടുത്ത സ്‌റ്റേഷനിലോ പരാതി രജിസ്‌റ്റർ ചെയ്യണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.










0 comments