ചെമ്മീൻ പഠനത്തിൽ ശ്രദ്ധേയമായ കണ്ടെത്തലുമായി കുസാറ്റ് ഗവേഷക

കളമശേരി
കുസാറ്റിലെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിലെ ഗവേഷക, ലാബിൽ വികസിപ്പിച്ചെടുത്ത കോശസഞ്ചയത്തിന് (സെൽ ലൈൻ) ജീവനുള്ള സാധാരണ ചെമ്മീനുകൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ടെന്ന് കണ്ടെത്തി. എമെരിറ്റസ് പ്രൊഫസർ ഡോ. ഐ എസ് ബ്രൈറ്റ് സിങ്ങിന്റെ മേൽനോട്ടത്തിൽ വി എസ് ഗോപിക നടത്തിയ ഗവേഷണമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. കണ്ടെത്തൽ സ്പ്രിംഗർനേച്ചറിന്റെ മറൈൻ ബയോടെക്നോളജിയിലാണ് പ്രസിദ്ധീകരിച്ചത്.
കാരച്ചെമ്മീന്റെ ലിംഫോയ്ഡ് കോശങ്ങളിൽനിന്ന് ലാബിൽ വികസിപ്പിച്ചെടുത്ത സെൽ ലൈൻ, ക്രസ്റ്റേഷ്യൻ ഹൈപ്പർഗ്ലൈസെമിക് ഹോർമോൺ (സിഎച്ച്‌എച്ച്), മോൾട്ട്-ഇൻഹിബിറ്റിങ് ഹോർമോൺ (എംഐഎച്ച്), ഗോനാഡ്-ഇൻഹിബിറ്റിങ് ഹോർമോൺ (ജിഐഎച്ച്) എന്നിവ ഉൽപ്പാദിപ്പിക്കുന്നതായാണ് കണ്ടെത്തിയത്. ചെമ്മീന്റെ കണ്ണുകൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളാണ് ഇവ. ജീവിച്ചിരിക്കുന്ന ചെമ്മീനുകളിൽ കാണുന്നതിന് സമാനമായ ഹോർമോണുകളാണ് ഇവയെന്ന് ഇൻ വിട്രോ പ്ലാറ്റ്‌ഫോം, ജീൻ പ്രൊഫൈലിങ്, സീക്വൻസിങ്, ഇമ്യൂണോഫ്ലൂറസൻസ് തുടങ്ങിയ ശാസ്ത്രീയപരിശോധനകൾവഴി സ്ഥിരീകരിച്ചിട്ടുണ്ട്.
ചെമ്മീനുകൾ ഉൽപ്പാദിപ്പിക്കുന്ന ഈ ഹോർമോണുകൾ അവയുടെ വളർച്ചയെയും പ്രത്യുൽപ്പാദനശേഷിയെയും പ്രതികൂലമായി ബാധിക്കുന്നവയാണ്. ഹോർമോൺ അളവ് കുറയ്ക്കാൻ പൂർണവളർച്ചയെത്തിയ ചെമ്മീന്റെ ഒരു കണ്ണ് അടർത്തിമാറ്റിയാണ് നിലവിൽ വിത്തുൽപ്പാദനം സാധ്യമാക്കുന്നത്. ഹോർമോൺ നിയന്ത്രണത്തിന് ലഭ്യമാകുന്ന മരുന്നുകൾ ഉയർന്ന വില കാരണം പ്രയോഗികമല്ലാത്തതിനാൽ ഈ രീതിതന്നെയാണ് മിക്ക വിത്തുൽപ്പാദനകേന്ദ്രങ്ങളും ചെയ്തുവരുന്നത്. ഈ സാഹചര്യത്തിൽ ഹോർമോൺ നിയന്ത്രണം സംബന്ധിച്ച് തുടർഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്.
ഗവേഷണാവശ്യത്തിനായി ലാബിൽ ചെമ്മീനുകളെ വളർത്തി വലുതാക്കിയെടുക്കുകയും പിന്നീട് അതിനെ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുകയുമാണ് ചെയ്യുന്നത്. ഇതിന് വലിയ കാലതാമസവും അധ്വാനവും വേണം.
ഭാവിയിൽ, ജീവനുള്ളവയെ ആശ്രയിക്കാതെ അവയുടെ സെൽ ലൈൻ ഉപയോഗിച്ച് പരീക്ഷണങ്ങൾക്കും ഹോർമോൺ അടിസ്ഥാനത്തിലുള്ള വളർച്ചാ-പ്രജനന നിയന്ത്രണ സാങ്കേതികവിദ്യകൾക്കും ജലകൃഷി ബയോടെക്നോളജിക്കും വിപുലമായ സാധ്യതകൾ ഒരുക്കുന്നതാണ് ഗോപികയുടെ കണ്ടെത്തൽ. ദേശാഭിമാനി കളമശേരി ഏരിയ ലേഖകൻ കെ പി വേണുവിന്റെയും ശ്രീബിന്ദുവിന്റെയും മകളും ശ്രീരഘുവിന്റെ (ചെന്നൈ) ഭാര്യയുമാണ് ഗോപിക.









0 comments