കുസാറ്റ് ഗവേഷകയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം

കളമശേരി
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകയ്ക്ക് മികച്ച പ്രബന്ധത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ചിലെ (അകാർ) ഗവേഷക റോണ മരിയ സുനിലാണ് ഇന്റർനാഷണൽ റേഡിയോ സയൻസ് യൂണിയൻ (യുആർഎസ്ഐ) അന്താരാഷ്ട്ര സമ്മേളനത്തിൽ മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം നേടിയത്. കുസാറ്റിലെ റഡാർ റിമോട്ട് സെൻസിങ് ഉപയോഗിച്ച് ഇന്ത്യൻ മൺസൂൺ ആരംഭം കണ്ടെത്താനും പ്രവചിക്കാനും വികസിപ്പിച്ചെടുത്ത നവീനമാർഗത്തിനാണ് പുരസ്‌കാരം നേടിയത്.
കുസാറ്റ് റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം ജി മനോജിന്റെ മേൽനോട്ടത്തിൽ മെഷീൻ ലേണിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മൺസൂൺ മുൻകൂട്ടി പ്രവചിക്കാനുള്ള സംവിധാനമാണ് റോണ വികസിപ്പിച്ചെടുത്തത്.
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ശാന്തിനഗറിൽ കാലയിൽവീട്ടിൽ സുനിൽ ജോസഫിന്റെയും ജൂഡിയുടെയും മകളാണ്. എബിൻസ് മൈക്കിളാണ് ഭർത്താവ്.









0 comments