ad
Deshabhimani

ക്രിമിനലുകൾ -‘കുളം തോണ്ടും’ എറണാകുളം

CRIMINALS
വെബ് ഡെസ്ക്

Published on Jul 30, 2026, 03:46 AM | 2 min read

കൊച്ചി


‘അക്രമികളുടെ നാടായി കേരളം മാറി. തൂഫാൻ എന്ന്‌ പറഞ്ഞ് ക്യാന്പയിൻ നടത്തിയാൽ പോരാ. നടപടികളെടുക്കാനും തയ്യാറാകണം...’ കാറിന്‌ സൈഡ്‌ നൽകിയില്ലെന്ന്‌ പറഞ്ഞ്‌ മൂന്നംഗ ഗുണ്ടാസംഘം അതിക്രൂരമായി മർദിച്ച മുഹമ്മദ് ഷാഫിയുടെ അച്ഛൻ സിദ്ദിഖിന്റെ വാക്കുകൾ. ആ അച്ഛന്റെ വാക്കുകളിലുണ്ട്‌ ജില്ലയിലെ തകർന്ന ക്രമസമാധാനനിലയുടെ ചിത്രം.


വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ എറണാകുളം ജില്ല ഇന്ന്‌ ക്രിമിനലുകളുടെ ഇഷ്ട ലിസ്‌റ്റിലും ഇടംപിടിച്ചിരിക്കുന്നു. മുന്പെങ്ങും കാണാത്തവിധം ഗുണ്ടകളുടെ വിഹാരകേന്ദ്രമാണ്‌ ജില്ല. പൊലീസ്‌ ചെറുവിരൽപോലും അനക്കാൻ തയ്യാറാകാത്തതിനാൽ ക്രമിനിലുകളുടെ അഴിഞ്ഞാട്ടമാണ് നാട്ടിലും നഗരത്തിലും.

കാറിന്‌ സൈഡ്‌ 
നൽകിയില്ലേ, 
ഇന്നാ പിടിച്ചോ കാറിന്‌ സൈഡ്‌ നൽകിയില്ലെന്ന്‌ പറഞ്ഞ്‌ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ ബൈക്ക് യാത്രികരായ യുവാക്കളെ ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിച്ച കേസിൽ അറസ്‌റ്റിലായത്‌ ക്രിമിനലുകളായ മൂന്നുപേരാണ്‌. ഷെഫിൻ (30), ഫഹദ് (31), വിബീഷ് (26) എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി ഷെഫിനിനെ 2021-ൽ കാപ്പ ചുമത്തി നാടുകടത്തിയതാണ്‌. ആയോധനകലയിൽ വൈദഗ്ധ്യമുള്ള ഷെഫിനിന്റെ മർദനമാണ് പരിക്ക്‌ ഗുരുതരമാകാൻ കാരണം.


ഷെഫിൻ ഇടിവള ഉപയോഗിച്ച് മുഹമ്മദ് ഷാഫിയുടെ മുഖത്ത് ഇടിച്ചു. ഷാഫിയുടെ താടിയെല്ല് തകരുകയും മുൻവരിയിലെ നാല് പല്ലുകൾ ഇളകിപ്പോകുകയും നെറ്റിയിൽ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. നിസാമിന്റെ മൂക്കിനും ചുണ്ടിനും ഗുരുതര പരിക്കേറ്റു. റോഡിൽ വീണുകിടന്ന പ്രവീണിന്റെ തലയ്ക്ക് പ്രതികൾ ചവിട്ടി.


പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ ആന്തരിക രക്തസ്രാവവുമുണ്ട്.

തല മൊട്ടയടിക്കും 
ആൾക്കൂട്ടവിചാരണ പെരുമ്പാവൂരിൽ കഞ്ചാവുകച്ചവടക്കാരെന്ന്‌ ആരോപിച്ച്‌ ആള്‍ക്കൂട്ടവിചാരണ നടത്തി മൂന്ന്‌ യുവാക്കളെ തലമൊട്ടയടിച്ച്‌ നഗ്‌നരാക്കി മർദിച്ചത്‌ യുഡിഎഫ്‌ സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ വാരിയേഴ്‌സ്‌ കൂടിയായ കോൺഗ്രസുകാരാണ്‌. കോൺഗ്രസ്‌ പ്രവർത്തകരായ കെ എ ശെരീഫ് (54), സാജിത് (54), മാഹിൻകുട്ടി (42), പി വി ഷമീർ (46), റഫീഖ് (57), കെ എ അൻവർ (50) എന്നിവരെയാണ് പെരുന്പാവൂർ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്. ‘തൂഫാൻ വാരിയേഴ്‌സാ’ണ്‌ ശെരീഫും സാജിതും ഷമീറും റഫീഖും. പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പെരുന്പാവൂരിൽ നടത്തിയ പരിപാടിയിൽ ഇവർ പങ്കാളികളായിരുന്നു. കോൺഗ്രസ് നേതാവും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവുമായ ശെരീഫിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.


സ്‌ത്രീകൾക്കും
 ‘നോ’ രക്ഷ


കലൂരിൽ ചായ കുടിക്കാനിറങ്ങിയ വിദ്യാർഥിനികളെ നഗരമധ്യത്തിൽ പത്തംഗസംഘം അതിക്രൂരമായി വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു.


നഗരത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതും വൻ വാർത്തയായി. ഇതേ യുവതിയെ അതിനുമുന്പ്‌ മറ്റൊരു ഗുണ്ടയും സമാനരീതിയിൽ പീഡിപ്പിച്ചിരുന്നു. മയക്കുമരുന്ന്‌ കുത്തിവച്ചായിരുന്നു കണ്ണൂർ സ്വദേശിനിയെ പീഡിപ്പിച്ചത്‌.


തൂഫാൻ വാരിയേഴ്‌സായി ‘ഗുണ്ടകൾ’


കെ സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത ക്രിമിനലുകളുടെയും ഗുണ്ടകളുടെയും യോഗത്തിന്റെ വാർത്ത പുറത്തായത്‌ ആഭ്യന്തരവകുപ്പിന്‌ മൊത്തത്തിൽ ക്ഷീണമായി. യോഗത്തെക്കുറിച്ച്‌ അറിഞ്ഞില്ലെന്നാണ്‌ ആഭ്യന്തരമന്ത്രി പറഞ്ഞത്‌. അതേക്കുറിച്ച്‌ അന്വേഷിക്കുന്നില്ലെന്ന്‌ സിറ്റി പൊലീസ്‌ കമീഷണറും പറഞ്ഞു.


സുധാകരന്റെ യോഗത്തിൽ പങ്കെടുത്ത സജീവ കോൺഗ്രസ്‌ പ്രവർത്തകനായ ഷിബു മട്ടാഞ്ചേരിയിലെ ബാറിൽ നാൽപത്തിയാറകാരനെ മാരകമായി ആക്രമിച്ച കേസിൽ അറസ്‌റ്റിലായിരുന്നു. പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പാലക്കാട്‌ ക്രൈംബ്രാഞ്ച് അറസ്‌റ്റ്‌ ചെയ്‌ത ആലുവ ഈസ്റ്റ് വെലുംകിടൻ വീട്ടിൽ ബിലായും (ബില്ല-–30) ഇ‍ൗ യോഗത്തിലുണ്ടായിരുന്നു. ഇയാൾ കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്‌പ്‌ കേസിലെ പ്രതിയും മുന്പ്‌ 106 കിലോ കഞ്ചാവുമായി പിടിയിലായയാളുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home