അർധരാത്രിയിൽ 16കാരിയെ കൂട്ടിക്കൊണ്ടുപോയി ലഹരി നൽകി; ഉറങ്ങാൻ പോയ മകളെന്ന് രക്ഷിതാക്കൾ

പ്രതീകാത്മക ചിത്രം
മാനന്തവാടി: അർധരാത്രിയിൽ 16 കാരിയെ കൂട്ടിക്കൊണ്ടുപോയി മദ്യവും ലഹരിയും നൽകിയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ, റോബിൻ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസിൽ അമൽ കൃഷ്ണ(20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ(22), എടവക ചാമാടിപൊയിൽ ചിറക്കൽ സി. അജിത്കുമാർ(23) എന്നിവർ അറസ്റ്റിലായിരുന്നു.
ജൂലൈ മാസം 12 നാണ് കേസിനാസ്പദമായ സംഭവം. അർധരാത്രിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കൊണ്ടുപോയത്. പിന്നീട് സംഘം പെൺകുട്ടിക്ക് നിർബന്ധിച്ച് മദ്യവും ലഹരിയും നൽകുകയായിരുന്നു. സിഗരറ്റും വലിപ്പിച്ചുവെന്നാണ് വിവരം. ശേഷമുള്ള ഇവരുടെ യാത്രയിൽ മാനന്തവാടി കണിയാരത്ത് വെച്ച് വാഹനാപകടമുണ്ടായി. തുടർന്ന് രാത്രി ഒന്നരയ്ക്ക് ഒരു ആൺകുട്ടി വിളിച്ച് മകൾക്ക് അപകടത്തിൽ പരിക്കേറ്റതായും മാനന്തവാടിയിലെ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും ഫോണിൽ അറിയിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്.
രാത്രി 11 മണിക്ക് പെൺകുട്ടി ഉറങ്ങാൻ പോയതാണെന്ന് രക്ഷിതാക്കൾ പറയുന്നു. ഇതിനിടെ അടുക്കള വാതിൽ തുറന്നിട്ടിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ മകളെ ആശുപത്രിയിലെത്തി കാണുകയായിരുന്നു. ഒരു പെൺ സുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് തന്നെ വീട്ടിൽ നിന്ന് കൊണ്ടു പോയതെന്ന് പെൺകുട്ടി പറഞ്ഞു. ചായ കുടിക്കാൻ പോകാം എന്നു പറഞ്ഞാണ് പെൺ സുഹൃത്ത് പതിനാറുകാരിയെ കൂട്ടി കൊണ്ടുപോയതെന്നാണ് വിവരം. അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.










0 comments