അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും

വടകര: മാതൃകയാവേണ്ട അധ്യാപികമാർ ഉൾപ്പെടെ ലഹരിമരുന്നിന്റെ വിതരണക്കാരും ഉപഭോക്താക്കളുമായി മാറുമ്പോൾ കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ടിലൂടെ നടക്കുന്നത് ലക്ഷങ്ങളുടെ പണമിടപാട്. പെൺകുട്ടികളെ ഉൾപ്പെടെ മയക്കുമരുന്ന് മാഫിയയുടെ കണ്ണികളാക്കാനുള്ള ഗൂഢപദ്ധതിയാണ് ലഹരിക്കടത്തിനുപിന്നിൽ നടന്നത്.
കേസിൽ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും നീങ്ങുകയാണ്. പിടിയിലായ പ്രതികൾക്ക് മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമുള്ളതിനാലാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് നീളുന്നത്. മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്നും ലഹരി ഇടപാടിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ പ്രതികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരും. സമൂഹത്തിലെ ഉത്തരവാദപ്പെട്ടവർ തന്നെ ലഹരിമരുന്നിന്റെ ഉപഭോക്താക്കളും പ്രചാരകരുമായി മാറിയത് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പേരാമ്പ്ര ബിആർസിയിലെ അധ്യാപികമാരായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ, ആവള കുട്ടോത്ത് സ്വദേശി നീഷ്മ, ഡെലിവറി ബോയ് ആയ ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ്, വടകര സ്വദേശി റിസ്വാൻ എന്നിവരാണ് പിടിയിലായത്. കേസിലെ പ്രധാന കണ്ണികളാണ് ഇവർ. ലഹരി ഇടപാടിന് പിന്നിൽ വൻ റാക്കറ്റുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തുച്ഛമായ വരുമാനമുള്ള പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടാണ് നടന്നത്.
ഒരു പ്രതി ആറുമാസത്തിനിടയിൽ ഒരു കോടിയിലേറെ രൂപ അക്കൗണ്ടിലൂടെ വിനിമയം നടത്തിയതായും കണ്ടെത്തി. കേസിലുൾപ്പെട്ട അധ്യാപികമാർ എംഡിഎംഎ ഉപയോഗിച്ചതായും വിൽപ്പന നടത്തിയതായും കണ്ടെത്തി. ഇവർക്ക് മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമുണ്ട്. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ്, നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ടി ഉത്തംദാസ്, വടകര ഡിവൈഎസ്‌പി കെ കെ സനൽ കുമാർ, സിഐ എ വി ദിനേശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments