പ്രതികാര നടപടികളിൽ നിലതെറ്റി കേന്ദ്രം; വിദ്യാർഥി പ്രതിഷേധത്തിൽ പ്രതി പട്ടികയിൽ റഷ്യയിലുള്ള യുവാവിന്റെ പേരും

മുഹമ്മദ് സദാഖത്ത്
പട്ന: ജന്തർ മന്തർ പ്രക്ഷോഭത്തിൽ നൽകിയ വാക്കുകൾ ലംഘിച്ച് വിദ്യാർഥികൾക്ക് നേരെ വ്യാപകമായി പ്രതികാര നടപടികൾ തുടരുകയാണ്. ഇതിനിടെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നടന്ന പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ടുള്ള പ്രതി പട്ടികയിൽ റഷ്യയിലുള്ള യുവാവിന്റെ പേര് കൂടി ചേർക്കപ്പെട്ടതായി വെളിപ്പെടുത്തൽ. കിഷൻഗഞ്ച് വാർഡ് 12 സ്വദേശിയായ മുഹമ്മദ് സദാഖത്ത് എന്ന യുവാവിന്റെ പേരാണ് പ്രതി പട്ടികയിൽ ചേർത്തിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി താൻ റഷ്യയിലാണെന്ന് സദാഖത്ത് പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
‘‘ജൂലൈ 24ന് എൽആർപി ചൗക്കിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധം നടന്നിരുന്നു. ബഹാദൂർഗഞ്ച് ഭരണകൂടം ഈ കേസിൽ എന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഞാൻ കഴിഞ്ഞ നാല് മാസമായി റഷ്യയിലാണ്. എന്റെ പേര് ഈ കേസിൽ നിന്ന് ഒഴിവാക്കണം’’ – മുഹമ്മദ് സദാഖത്ത് പറയുന്നു. അതേസമയം, യുവാവിന്റെ വാദം തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.
പ്രതിഷേധവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ പരിഹാരത്തിനായി പൊലീസിനെ സമീപിക്കാമെന്നാണ് കിഷൻഗഞ്ച് എസ്പി ഹരി മോഹൻ ശുക്ല നൽകിയ മറുപടി. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായതോടെ പ്രതികാര നടപടികളിൽ കേന്ദ്ര സർക്കാരിന് നിലവിട്ടു പോയെന്നാണ് ഉയരുന്ന വിമർശനം. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് ഡൽഹിയിൽ ആരംഭിച്ച വലിയ പ്രതിഷേധങ്ങളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനു രാജിവയ്ക്കേണ്ടി വന്നിരുന്നു.









0 comments