print edition നാടകം തുടർന്ന് കോൺഗ്രസ്; ഒരു വീട് ഉയർന്നില്ല

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിന് രണ്ടാണ്ട്. ഇക്കാലമത്രയും കേരളത്തിൽ മുഴങ്ങിക്കേട്ട ചോദ്യം ഇപ്പോഴും ദുരന്തബാധിതർ ആവർത്തിക്കുകയാണ്– വീടെവിടെ കോൺഗ്രസേ ? ദുരന്തബാധിതരുടെ പേരിൽ കോടികൾ പിരിച്ച് ധൂർത്തടിച്ച കോൺഗ്രസും യൂത്ത് കോൺഗ്രസും ഒരു വീടുപോലും കൈമാറിയില്ല. മഹാദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ തെരഞ്ഞെടുപ്പ് കാലത്ത് എന്നതുപോലെ ദിവസങ്ങൾക്കുമുന്പ് വീട് നിർമാണ നാടകം ആരംഭിച്ചു.
പ്രഖ്യാപിച്ചത് 230 വീട്. കല്ലിട്ടത് 50. നിർമാണം പതിനെട്ടെന്നാണ് ഇപ്പോൾ പറയുന്നത്. മേപ്പാടി കുന്നന്പറ്റയിലെ വീട് നിർമാണ സ്ഥലത്ത് കാണാനുള്ളത് വിരലിലെണ്ണാവുന്ന തൊഴിലാളികളും കുറഞ്ഞ നിർമാണ സാമഗ്രികളും. കള്ളംപറഞ്ഞും ജനങ്ങളെ കബളിപ്പിച്ചും പിടിച്ചുനിൽക്കാനാകില്ലെന്ന് വന്നതോടെയാണ് പേരിന് വീട് നിർമാണം തുടങ്ങിയത്.
കൽപ്പറ്റയിൽ എൽഡിഎഫ് സർക്കാർ മുണ്ടക്കൈ ടൗൺഷിപ്പിന് കല്ലിട്ട 2025 മാർച്ച് 27ന് അതേ വേദിയിൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ പ്രഖ്യാപിച്ചത് സർക്കാരിന്റെ ടൗൺഷിപ്പിനൊപ്പം കോൺഗ്രസിന്റെ വീടുകളും ഉയരുമെന്നായിരുന്നു. ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്‌ത് കുടുംബങ്ങൾ താമസമാക്കിയിട്ടും ഒരുവീടുപോലും കോൺഗ്രസ് നിർമിച്ചില്ല. നിർമാണം തുടങ്ങിയെന്ന നുണയും തെരഞ്ഞെടുപ്പിന് മുന്പ് സതീശൻ പറഞ്ഞു.
ദുരന്തബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയാണ് കോൺഗ്രസ് കോടികൾ പിരിച്ചത്. പണം പിരിച്ച് ധൂർത്തടിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുകണ്ട് മേപ്പാടി കുന്നന്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി. ഫെബ്രുവരി 26ന് ‘കല്ലിടൽ നാടകം’ നടത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് 50 വീടിന് കല്ലിട്ടത്. അടുത്തദിവസം നിർമാണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. അഞ്ചുമാസം പിന്നിട്ടിട്ടും ഒരുവീട് ഉയർന്നില്ല.









0 comments