print edition വയനാട് ടൗൺഷിപ്പ്: പടർന്നുകയറി ജീവിതം

വി ജെ വർഗീസ്
Published on Jul 30, 2026, 06:20 AM | 1 min read
കൽപ്പറ്റ: ടൗൺഷിപ്പിലെ വീടിന് ചുറ്റും വളരുന്ന പച്ചക്കറി തോട്ടത്തിലാണ് രാവിലെ മൊയ്‌തീൻകുട്ടി. പടരുന്ന പയറുചെടി പിടിച്ചുകെട്ടുകയാണ്. കായ്‌ച്ച മുളകും തക്കാളിയും വഴുതനയുമെല്ലാം ചുറ്റുമുണ്ട്. അവന്തിക സ്‌കൂളിൽ പോകാനുള്ള തിരക്കിലായിരുന്നു. യൂണിഫോം അണിഞ്ഞ് ബാഗും തൂക്കി കൂട്ടുകാരി ശിവന്യയുടെ വീടിന് മുന്നിലെത്തുന്പോൾ അവൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടിൽനിന്ന് അയനയും ഒപ്പംകൂടി. മൂവരും അവരുടെ ലോകത്തായി. പ്രജുലും അമർജിത്തും സ്‌കൂൾ ബസ് പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു.
മരക്കച്ചവടം നടത്തുന്ന മൈക്കിൾ ജോലിക്കായി പോകുന്പോൾ പാലും വാങ്ങി സത്യൻ എതിരെ വരുന്നുണ്ടായിരുന്നു. രണ്ടുപേരും കുശലം പറഞ്ഞ് പിരിഞ്ഞു. തയ്യൽ ജോലിക്ക് മുണ്ടേരിയിലെത്തേണ്ട തിരക്കുണ്ടായിരുന്നു സത്യന്. ആമിന ബീവിയുടെ പ്രഭാത നടത്തം ടൗൺഷിപ്പിൽ അടുത്ത സോണിൽ താമസിക്കുന്ന ഉമ്മയുടെ അടുത്തേക്കാണ്. ‘ഉമ്മയ്‌ക്ക് ഇന്നലെ അൽപ്പം വയ്യായ്‌ക ഉണ്ടായിരുന്നു. രാവിലെ അടുത്തെത്തിയാലേ സമാധാനമാകൂ’– തിടക്കപ്പെട്ട് ആമിനയും നീങ്ങി.
രണ്ടാണ്ട് മുന്പ് ഉരുൾ തകർത്തെറിഞ്ഞ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പുഞ്ചിരിമട്ടത്തെയും മനുഷ്യർ കൽപ്പറ്റയിലെ ടൗൺഷിപ്പിൽ ജീവിതം തിരികെപ്പിടിച്ചു. പുതിയൊരു പുഞ്ചിരിമട്ടം സാധ്യമായി. ഒരിക്കലും വീണ്ടും ഒന്നിക്കില്ലെന്ന് കരുതിയവർ ഒരുവീടിന് അപ്പുറവും ഇപ്പുറവും പുതിയ സ്വപ്‌നങ്ങൾ നെയ്യുകയാണ്. വേദനകളും നഷ്ടങ്ങളുമെല്ലാം മറന്ന് ജീവിതത്തിരക്കിലായി.
അതിജീവന അത്ഭുതമായി ടൗൺഷിപ് ഉയിർത്തു. എല്ലാം നഷ്ടപ്പെട്ടൊരു ജനതയ്‌ക്ക് മനുഷ്യസാധ്യമായതെല്ലാം തിരികെ നൽകി. എൽഡിഎഫ് സർക്കാരിന്റെ മനുഷ്യത്വത്തിനും ഇച്ഛാശക്തിക്കും മുന്നിൽ ഉരുളും തോറ്റുമടങ്ങി. രാജ്യം നടുങ്ങിയ മഹാദുരന്തമായ മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് രണ്ടാണ്ട്. 2024 ജൂലൈ 30ന് പുലർച്ചെ മരണം പെയ്‌തിറങ്ങി. പുഞ്ചരിമട്ടത്തിന് മുകളിൽ വെള്ളരിമല പൊട്ടിയൊഴുകി. പുന്നപ്പുഴ മരണപ്പുഴയായി. 298 മനുഷ്യജീവൻ ഉരുൾ കൊണ്ടുപോയി. രാജ്യം അന്നേവരെ കാണാത്ത ദുരന്തത്തെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിലൂടെ നേരിട്ട് കേരളം മരണത്തിന്റെ ഗന്ധം മറികടന്നു. അതിജീവന വഴികളിൽ എൽഡിഎഫ് സർക്കാർ കാത്തുവച്ചത് അത്ഭുതങ്ങളായിരുന്നു. ടൗൺഷിപ്പിലിവർ സ്‌നേഹമട്ടങ്ങൾ തീർക്കുകയാണ്.










0 comments