മാലിന്യം നിറഞ്ഞ് കുടിവെള്ളസംഭരണി

പോത്താനിക്കാട് കുടിവെള്ളപദ്ധതിയുടെ പറമ്പഞ്ചേരി ശുദ്ധീകരണശാലയിലെ സംഭരണി മാലിന്യം നിറഞ്ഞനിലയിൽ
കവളങ്ങാട്
പോത്താനിക്കാട് ശുദ്ധജലവിതരണ പദ്ധതിയുടെ പറമ്പഞ്ചേരിയിലെ ശുദ്ധീകരണശാലയിലെ സംഭരണി മാലിന്യംനിറഞ്ഞ നിലയിൽ. ചെളിയും പായലും മറ്റു ജലസസ്യങ്ങളും പാറ്റകളും സൂക്ഷ്‌മ ജലജീവികളും നിറഞ്ഞ അവസ്ഥയിലാണ് സംഭരണിയിലെ വെള്ളം. ഈ വെള്ളം പുളിന്താനത്തെ സംഭരണിയിലെത്തിച്ചാണ് പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്നത്.
കാളിയാർ പുഴയിലെ പറമ്പഞ്ചേരി തടയണയ്ക്കുസമീപമുള്ള കിണറ്റിൽനിന്ന് പമ്പ് ചെയ്‌താണ് വെള്ളം ശുദ്ധീകരണശാലയിൽ എത്തിക്കുന്നത്. ശുദ്ധീകരണശാലയിലെ 3 ചേംബറുകളിലും മാലിന്യം നിറഞ്ഞു. ചേംബറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൈപ്പുകൾ ചെളിമൂടി അടഞ്ഞനിലയിലാണ്. ഇതുമൂലം വെള്ളത്തിന്റെ ശുദ്ധീകരണം നടക്കുന്നില്ല. ഈ മലിനജലമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. തടയണയ്ക്കുസമീപമുള്ള പമ്പ്ഹൗസിലെ മൂന്ന് മോട്ടോറുകളിൽ ഒരെണ്ണംമാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ട് മോട്ടോറുകൾ തകരാറിലായിട്ട് ആഴ്‌ചകളായി. മോട്ടോറുകൾ നന്നാക്കാത്തതിനാൽ പമ്പിങ് മുടങ്ങുന്ന സ്ഥിതിയുമുണ്ട്. പമ്പ്ഹൗസ് മുതൽ ശുദ്ധീകരണശാലവരെയുള്ള പമ്പിങ് ലൈനുകൾ സ്ഥിരമായി പൊട്ടുന്നതുമൂലം ദിവസങ്ങളോളം ജലവിതരണം തടസ്സപ്പെടുന്നുമുണ്ട്. പൈപ്പ് പൊട്ടി പമ്പ്ഹൗസിലേക്കുള്ള റോഡും തകർന്നനിലയിലാണ്.









0 comments