print edition ഇന്ത്യ–പാക് യുദ്ധം തടഞ്ഞത് ട്രംപെന്ന് യുഎന്നിൽ പാകിസ്ഥാൻ

ന്യൂയോർക്ക്: കഴിഞ്ഞവർഷം ഇന്ത്യ–പാകിസ്ഥാൻ സൈനിക സംഘർഷം ഒഴിവാക്കാൻ സമയബന്ധിതമായി ഇടപെട്ടത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യുഎൻ പൊതുസഭയിൽ പറഞ്ഞു. ട്രംപിന്റെ "ദൂരക്കാഴ്ചയുള്ള നേതൃത്വത്തിന്’ ഷെരീഫ് പരസ്യമായി നന്ദി രേഖപ്പെടുത്തി. എന്നാൽ സമാധാനശ്രമങ്ങളിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചു.
2025 ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാകിസ്ഥാനിലെ ഭീകരതാവളങ്ങൾക്കുനേരെ ഇന്ത്യ ശക്തമായ സൈനിക നീക്കം നടത്തിയിരുന്നു. ഈ ഘട്ടത്തിൽ താനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം തടഞ്ഞതെന്ന് കഴിഞ്ഞദിവസം യുഎൻ പൊതുസഭയിലും ട്രംപ് അവകാശപ്പെട്ടിരുന്നു.
23 മിനിറ്റ് നീണ്ട പ്രസംഗത്തിൽ കശ്മീർ വിഷയം പാക് പ്രധാനമന്ത്രി വീണ്ടും ഉയർത്തി. 2025-ലേതിന് സമാനമായ യുദ്ധസാഹചര്യം ഇനി ഉണ്ടാകാതിരിക്കാൻ കശ്മീർ പ്രശ്നത്തിന് ന്യായമായ ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്ന് അദ്ദേഹം വാദിച്ചു.
ഷെഹ്ബാസിന്റെ പ്രസംഗം പങ്കുവച്ച് ട്രംപ്
ഷെഹ്ബാസ് ഷെരീഫിന്റെ യുഎൻ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വ്യക്തിപരമായ അഭിപ്രായങ്ങളൊന്നും ചേർക്കാതെയാണ് 87 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ‘ട്രൂത്ത് സോഷ്യലിൽ' പോസ്റ്റ് ചെയ്തിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനികനീക്കത്തെ ‘ബാഹ്യ അധിനിവേശം' എന്നാണ് വീഡിയോയിൽ ഷെഹബാസ് ഷെരീഫ് വിശേഷിപ്പിക്കുന്നത്.









0 comments