സിപിആർ നൽകി ഓട്ടോഡ്രൈവറെ രക്ഷിച്ച് എംവിഐ

ആലുവ
ആലുവ ആർടി ഓഫീസിലെത്തി കുഴഞ്ഞുവീണ ഓട്ടോഡ്രൈവർക്ക് കൃത്യസമയത്ത് സിപിആര്‍ നല്‍കി ജീവന്‍ രക്ഷപ്പെടുത്തി എംവിഐ. ആലുവ കുന്നത്തേരി പള്ളിത്താഴം മീന്ത്രയ്ക്കല്‍ സ്വദേശി ഹൈദ്രോസാണ് (52) പെട്ടെന്ന് കുഴഞ്ഞുവീണത്. ഓട്ടോറിക്ഷ മുതലാളി അസീസും ഒപ്പമുണ്ടായിരുന്നു. ഹൃദയാഘാതം ആയിരിക്കുമെന്ന് മനസ്സിലാക്കിയ എംവിഐ കെ എസ് സജിന്‍, സമയം പാഴാക്കാതെ 120 തവണ സിപിആര്‍ നല്‍കി. ഓഫീസിലെത്തിയ മറ്റൊരാളോട് വായിലൂടെ കൃത്രിമ ശ്വാസം നല്‍കാനും നിർദേശിച്ചു.
ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹൈദ്രോസിനെ പിന്നീട് എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്കു മാറ്റി. കൃത്യസമയത്ത് സിപിആര്‍ നല്‍കിയതാണ് ഹൈദ്രോസിന്റെ ജീവന്‍ രക്ഷപ്പെടുത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുമ്പ് പൊലീസിൽ ജോലി ചെയ്തപ്പോൾ സിപിആര്‍ പരിശീലനം ലഭിച്ചതാണ് സജിന് തുണയായത്. മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഹൈദ്രോസ് സുഖം പ്രാപിച്ചുവരികയാണ്.









0 comments