സ്വർഗം റോഡിലെ വെള്ളക്കുഴികളിൽ ഉത്രാടസദ്യ പ്രതിഷേധം

ഗതാഗതം ദുരിതത്തിലായ സ്വർഗം റോഡരികിൽ ഉത്രാടസദ്യ കഴിച്ച് നടത്തിയ പ്രതിഷേധം സിപിഐ എം ഏരിയ കമ്മിറ്റി അംഗം ഇ എം സലിം ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
നരക തുല്യമായ സ്വർഗം റോഡിലെ വെള്ളക്കുഴികളിൽ ഇരുന്ന് ഉത്രാടസദ്യ കഴിച്ച് പ്രതിഷേധിച്ച് സിപിഐ എം പ്രവർത്തകരും നാട്ടുകാരും. മഴക്കാലത്ത് കുഴികളും വെള്ളക്കെട്ടും രൂക്ഷമായതോടെ ‘സ്വർഗം റോഡിൽ’ യാത്ര ദുരിതത്തിലായി.
തിരക്കേറിയ ഹനുമാൻ ക്ഷേത്രവും പെരിയാർ ക്ലബ്ബും സ്ഥിതി ചെയ്യുന്ന റോഡും ഹൈവെയിൽ തിരക്കേറിയാൽ ജനങ്ങൾ ദേശത്ത് നിന്ന് മംഗലപ്പുഴയിലേക്ക് എത്താൻ ആശ്രയിക്കുന്ന റോഡുംകൂടിയാണ് സ്വർഗം റോഡ്. ഒരു കിലോമീറ്റർ നീളം വരുന്ന റോഡിൽ കഴിഞ്ഞ വർഷംവരെ ചെങ്ങമനാട് പഞ്ചായത്തിന്റെ വാർഡ് 15 മാത്രം ആണ് ഉൾപ്പെട്ടത്. ഇത്തവണ വാർഡ് 15, 16 വാർഡുകൾ ഈ റോഡിന്റെ ഇരു വശങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്.
രണ്ട് ജനപ്രതിനിധികൾക്കും ഫണ്ട് കിട്ടിയിട്ടും തുക റോഡിന് വകയിരുത്തിയില്ല. ഇതേ തുടർന്നാണ് ഉത്രാടം നാളിൽ ചെളി വെള്ളത്തിൽ ഇരുന്ന് സദ്യ കഴിച്ച് സിപിഐ എം പ്രവർത്തകർ പ്രതിഷേധിച്ചത്.സിപിഐ എം ഏരിയ കമ്മിറ്റി അംഗം ഇ എം സലിം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി എ രഘുനാഥ്, ലോക്കൽ കമ്മിറ്റി അംഗം പി അർ രാജേഷ്, കെ വി ഷാലി, വി എസ് ജയപ്രകാശ്, അനൂപ് തങ്കപ്പൻ, സി എ ഷിയാസ്, ധനേഷ് മുരളീധരൻ എന്നിവർ സംസാരിച്ചു.










0 comments