ഇ കെ നാരായണനെ അനുസ്‌മരിച്ചു
വി ഡി സതീശന് ഇരട്ട നിലപാട്: പി രാജീവ്

ഇ കെ നാരായണൻ അനുസ്മരണസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
പള്ളുരുത്തി
പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രിയായപ്പോഴും വി ഡി സതീശന് രണ്ട് നിലപാടുകളെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്. സിപിഐ എം പള്ളുരുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇ കെ നാരായണൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിരിക്കുമ്പോൾ ഇന്ധന നികുതിക്കെതിരെ നിയമസഭയിലേക്ക് സൈക്കിൾ ചവിട്ടി എത്തിയ വി ഡി സതീശൻ, നികുതി ഭീകരതയെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയായപ്പോൾ മുന്പ് പറഞ്ഞ നിലപാടിൽനിന്ന് പിൻമാറിയ സ്ഥിതിയാണ്. എൽഡിഎഫിന്റെ കാലത്ത് സംസ്ഥാനത്ത് ഇന്ധനനികുതി ഒരുരൂപ കുറച്ചു. ഒരുതവണ പോലും നികുതി കൂട്ടുന്ന സ്ഥിതിയുണ്ടായില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 13 തവണ നികുതി വർധിപ്പിച്ചു. ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ യുഡിഎഫ് തയ്യാറാകുന്നില്ല. കേന്ദ്രസർക്കാരിന്റെ ഇന്ധന വിലവർധനവിനെതിരെ നയപ്രഖ്യാപനത്തിൽ പോലും പറയാൻ യുഡിഎഫ് തയ്യാറില്ലെന്നും പി രാജീവ് പറഞ്ഞു.
രാവിലെ ഇടക്കൊച്ചി വലിയകുളത്ത് പതാക ഉയർത്തലും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും ജില്ലാ സെക്രട്ടറി എസ് സതീഷ് നിർവഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി. വൈകിട്ട് അക്വിനാസ് കോളേജ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ച് വലിയകുളത്ത് സമാപിച്ചു. പൊതുസമ്മേളനത്തിൽ ഏരിയ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. ജോൺ ഫെർണാണ്ടസ്, പി എ പീറ്റർ, ടി വി അനിത, എം എസ് ശോഭിതൻ, എ എം ഷെരീഫ്, കെ പി ശെൽവൻ, വി എ ശ്രീജിത്ത് , പി എച്ച് ഹാരിസ്, കെ കെ സുരേഷ് ബാബു, കെ എൻ സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.










0 comments