സിസിടിവി കാമറകൾ പ്രവർത്തനക്ഷമമാക്കിയില്ല; പ്രതിഷേധിച്ച് സിപിഐ എം

കറുകുറ്റി പഞ്ചായത്തിൽ സിസിടിവി പ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നടത്തിയ പ്രതിഷേധസദസ്സ് കെ പി അനീഷ് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
കറുകുറ്റി പഞ്ചായത്തിൽ 23.5 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച 59 സിസിടിവി കാമറകൾ പ്രവർത്തനക്ഷമമാക്കാത്തതിൽ സിപിഐ എം പ്രതിഷേധം. ഒമ്പതാം വാർഡിൽ കാരമറ്റം ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധസദസ്സ് പഞ്ചായത്ത് പാർലമെന്ററി പാർടി നേതാവ് കെ പി അനീഷ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ രനിത ഷാബു അധ്യക്ഷയായി.
ബൈജു പറപ്പിള്ളി, രാജൻ പേരാട്ട് എന്നിവർ സംസാരിച്ചു. വരുംദിവസങ്ങളിൽ 18 വാർഡുകളിലും പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി രംഗമണി വേലായുധൻ അറിയിച്ചു.
സിസിടിവിയുടെ ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും പ്രവർത്തിക്കുന്നില്ല. നാട്ടിൽ മോഷണവും ലഹരിമാഫിയ സംഘങ്ങളും വർധിക്കുകയാണ്. കാമറകൾ പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യമൊരുക്കുന്നതിൽ ഇന്റർനെറ്റ് സേവനദാതാക്കളുമായി പഞ്ചായത്ത് ധാരണയിലെത്തിയിരുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തിയ ഉദ്ഘാടനം പ്രഹസനമായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തിനുമുന്നിലും സമരം സംഘടിപ്പിക്കുമെന്ന് രംഗമണി വേലായുധൻ അറിയിച്ചു.











0 comments