Deshabhimani

ജില്ലാ കോടതിയിലെ മോഷണം; ജഡ്‌ജിമാരുടെ നേതൃത്വത്തിൽ പരിശോധന

Court Theft
വെബ് ഡെസ്ക്

Published on Nov 04, 2026, 01:36 AM | 1 min read

കൊച്ചി

അതീവ സുരക്ഷയുള്ള ജില്ലാ കോടതിയിൽനിന്ന്‌ ലക്ഷങ്ങൾ വിലയുള്ള റാഡോ വാച്ച്‌ ഉൾപ്പെടെയുള്ള തൊണ്ടിമുതൽ മോഷണം പോയ കേസിൽ ജഡ്‌ജിമാരുടെ നേതൃത്വത്തിൽ പരിശോധന. ജില്ലാ കോടതിയിലെ പ്രോപ്പർട്ടി റൂമുകളിലാണ്‌ കോടതി നടപടികൾക്കുശേഷം ചൊവ്വ വൈകിട്ട്‌ പരിശോധന നടത്തിയത്‌. പ്രോപ്പർട്ടി റൂമിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുക്കും. പരിശോധന 20 മിനിറ്റിലധികം നീണ്ടു.


പ്രോപ്പർട്ടി റൂമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഡ്യൂട്ടി സമയം കഴിഞ്ഞിറങ്ങുമ്പോൾ താഴിൽ അരക്കുകൊണ്ട്‌ മുദ്രവച്ച്‌ താക്കോലും മറ്റും കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും പിറ്റേന്ന് ഉദ്യോഗസ്ഥൻ എത്തുമ്പോൾ താക്കോൽ തിരിച്ചുനൽകുന്നതുമാണ്‌ രീതി. മുദ്രവച്ചതിന്‌ കുഴപ്പമില്ലെന്ന് ഉറപ്പാക്കി മാത്രമേ ഉദ്യോഗസ്ഥർ താക്കോൽ ഏറ്റുവാങ്ങൂ. കേസ്‌ അട്ടിമറിക്കാൻ തൊണ്ടിമുതലുകൾ മോഷ്ടിച്ച്‌ നശിപ്പിച്ചതാണോ ജീവനക്കാർ കടത്തിയതാണോയെന്നും സംശയിക്കുന്നുണ്ട്‌.


സെൻട്രൽ പൊലീസിനാണ്‌ അന്വേഷണ ചുമതല. 2016 ജനുവരി ഒന്ന്‌ മുതൽ 2026 സെപ്‌തംബർ 21 വരെയുള്ള കേസുകളിലെ രേഖകകളും വസ്‌തുക്കളുമാണ്‌ കവർന്നത്‌. 2016-ൽ കൊച്ചിയിലെ വനിതാ വ്യവസായിയെ ഭീഷണിപ്പെടുത്തി ക്വട്ടേഷൻ സംഘം 1.5 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറും റാഡോ വാച്ചും തട്ടിയെടുത്തിരുന്നു. ഈ കേസിൽ ഭർത്താവിന്റെ റാഡോ വാച്ച് വിട്ടുകിട്ടാൻ വനിതാ വ്യവസായി നൽകിയ അപേക്ഷയുടെ തുടർനടപടിക്കിടെയാണ് വാച്ച് കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഓഡിറ്റ് റിപ്പോർട്ടടക്കമുള്ള രേഖകൾ പരിശോധിച്ചതോടെയാണ് 123 തൊണ്ടിമുതൽകൂടി കാണാതായതെന്ന് വ്യക്തമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home