4 വൈദികർ കോർഎപ്പിസ്കോപ്പ പദവിയിലേക്ക്

ഫാ. റോയി പോൾ വെട്ടിക്കാട്ടിൽ, ഫാ. വർഗീസ് പുലയത്ത്, ജേക്കബ് കുരുവിള തട്ടാംപുറത്ത്, ഫാ. ഷമ്മി ജോൺ എരമംഗലത്ത്
പുത്തൻകുരിശ്
യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിലെ സീനിയർ വൈദികരായ ഫാ. റോയി പോൾ വെട്ടിക്കാട്ടിൽ, ഫാ. വർഗീസ് പുലയത്ത്, ഫാ. ജേക്കബ് കുരുവിള തട്ടാംപുറത്ത് (അനിയനച്ചൻ), ഫാ. ഷമ്മി ജോൺ എരമംഗലത്ത് എന്നിവരെ കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തുന്നു. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ ബുധൻ രാവിലെ എട്ടിന് കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാർമികത്വത്തിൽ സ്ഥാനാരോഹണ ശുശ്രൂഷ നടത്തും. മൈലാപ്പുർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്‌താത്തിയോസ് മെത്രാപോലീത്ത സഹകാർമികനായിരിക്കും. ചടങ്ങിൽ ഭദ്രാസനത്തിലെ വിവിധ പള്ളികളിൽനിന്നുള്ള വൈദികരും, വിശ്വാസികളും പങ്കെടുക്കും. കാലംചെയ്ത ഡോ. ഗീവർഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപോലീത്തയിൽനിന്നാണ് ഈ നാല് വൈദികരും കശ്ശീശപട്ടം സ്വീകരിച്ചത്.
ഫാ. റോയി പോൾ ദീർഘകാലം ആരക്കുന്നം ഹൈസ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ആരക്കുന്നം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സമിതി പ്രസിഡന്റാണ്. ഫാ. വർഗീസ് പുലയത്ത് യാക്കോബായ സഭാ മാനേജിങ് കമ്മിറ്റി അംഗം, കൊച്ചി ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗൺസിൽ അംഗം, ഭദ്രാസന വൈദിക സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുളക്കുളം ചെമ്മഞ്ചി സെന്റ് ജോർജ് പള്ളി വികാരിയാണ്.
ഫാ. ജേക്കബ് കുരുവിള സഭാ മാനേജിങ് കമ്മിറ്റി അംഗം, കൊച്ചി ഭദ്രാസന കൗൺസിൽ അംഗം, ഭദ്രാസന വൈദിക സെക്രട്ടറി, പെരുമ്പള്ളി ഹെയ്ൽ മേരീ സ്‌കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പെന്നുരുന്നി സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി പള്ളി വികാരിയാണ്.
ഫാ. ഷമ്മി ജോൺ വെട്ടിക്കൽ കൊച്ചി ഭദ്രാസന കൗൺസിൽ അംഗവും മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ വികാരിയുമാണ്. ഭാര്യ: മിനി പോൾ.










0 comments