ad
Deshabhimani

പാചകവാതകക്ഷാമം

പകുതി ഹോസ്റ്റലുകൾ 
അടുത്തയാഴ്‌ചമുതൽ 
പൂട്ടലിലേക്ക്‌

coocking gas
വെബ് ഡെസ്ക്

Published on Mar 18, 2026, 01:53 AM | 1 min read

കൊച്ചി

പാചകവാതകക്ഷാമം രൂക്ഷമായി തുടർന്നാൽ അടുത്തയാഴ്‌ചയോടെ ജില്ലയിലെ 40 ശതമാനത്തോളം ഹോസ്റ്റലുകള്‍ പൂട്ടേണ്ടിവരുമെന്ന്‌ ഉടമകൾ. ജില്ലയിലെ രണ്ടായിരത്തോളം ഹോസ്‌റ്റലുകളാണ്‌ പ്രതിസന്ധി നേരിടുന്നത്‌. ഇതില്‍ താമസിക്കുന്നവർ ഒന്നരലക്ഷത്തിന് മുകളിൽവരും.

നിലവിൽ 25 ശതമാനത്തോളം ഹോസ്‌റ്റലുകൾ പൂട്ടി. പ്രവർത്തിക്കുന്നവയിൽ പ്രഭാത, രാത്രി ഭക്ഷണംമാത്രമാണ്‌ നൽകുന്നത്‌. മിക്ക ഹോസ്‌റ്റലുകളും ഉച്ചഭക്ഷണം ഒഴിവാക്കി. ചില ഹോസ്റ്റലുകൾക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങേണ്ട സാഹചര്യമാണ്. എന്നാല്‍, ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അതും പ്രതിസന്ധിയിലാണ്.


ഹോസ്‌റ്റലുകൾ പ്രതിസന്ധിയിലായതോടെ പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികൾക്ക്‌ അവധി നൽകി. ഒരാഴ്‌ച കഴിഞ്ഞ്‌ അറിയിക്കാമെന്ന്‌ പറഞ്ഞാണ്‌ വിദ്യാർഥികളെ വീട്ടിലേക്ക്‌ അയച്ചിരിക്കുന്നത്‌.

ഹോസ്‌റ്റലുകളിലേക്ക്‌ അടിയന്തരമായി പാചകവാതകം ആവശ്യപ്പെട്ട്‌ ഹോസ്റ്റൽ ഓണേഴ്സ് സംയുക്തസമിതി ചൊവ്വാഴ്‌ച ബോട്ടുജെട്ടി ബിഎസ്‌എൻഎൽ ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്താൻ നിശ്‌ചിയിച്ചിരുന്നു. എന്നാൽ, വാണിജ്യ സിലിണ്ടർലഭ്യത ഹോസ്‌റ്റലുകൾക്കുകൂടി ഉറപ്പാക്കുമെന്ന്‌ സംയുക്തസമിതിയുമായി ചൊവ്വാഴ്‌ച നടത്തിയ ചർച്ചയിൽ കലക്ടർ ഉറപ്പുനൽകി.


ഇതേത്തുടർന്ന്‌, മാർച്ച്‌ മാറ്റിയെന്ന്‌ ഹോസ്‌റ്റൽ ഓണേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ സുലൈമാൻ പറഞ്ഞു. ഹോസ്‌റ്റൽ ഓണേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ, ഹോസ്‌റ്റൽ ഓണേഴ്‌സ്‌ ഫെഡറേഷൻ, പ്രൊഫഷണൽ ഹോസ്‌റ്റൽ ഓണേഴ്‌സ്‌ എന്നീ സംഘടനകൾചേർന്നതാണ്‌ സംയുക്തസമിതി.

ചെറിയ ഹോസ്‌റ്റലുകൾക്ക്‌ ഒരുമാസം മൂന്ന്‌ വാണിജ്യ സിലിണ്ടർ ആവശ്യമാണ്‌. 120 മുതൽ 200 പേർവരെ താമസിക്കുന്ന ഹോസ്റ്റലുകൾക്ക്‌ ആറെണ്ണമെങ്കിലും വേണ്ടിവരും. ഇപ്പോഴത്തെ അവസ്ഥയിൽ ഇ‍ൗ ആഴ്‌ച അവസാനംവരെ ഉപയോഗിക്കാനുള്ള പാചകവാതകംമാത്രമാണ്‌ പല ഹോസ്‌റ്റലുകളിലുമുള്ളത്‌. ഇത്‌ തീർന്നാൽ അടുത്തയാഴ്‌ച ഹോസ്‌റ്റലുകൾ പൂട്ടിയിടുകമാത്രമേ വഴിയുള്ളൂവെന്നും പി കെ സുലൈമാൻ പറഞ്ഞു.



ഹോട്ടലുകൾ പൂട്ടുന്നത്‌ തുടർക്കഥ

കൊച്ചി

പാചകവാതക ക്ഷാമത്തെ തുർന്ന്‌ ജില്ലയിൽ ഹോട്ടലുകൾ പൂട്ടുന്നത്‌ തുടരുന്നു. നിലവിൽ പ്രവർത്തിക്കുന്നവ ഏതുനിമിഷവും അടയ്‌ക്കുമെന്ന സ്ഥിതിയാണ്‌. വിഭവങ്ങൾ വെട്ടിക്കുറച്ചും പ്രവർത്തനസമയം ചുരുക്കിയുമാണ്‌ നിലവിലുള്ളവ മുന്നോട്ടുപോകുന്നത്‌. വിറകടുപ്പ്‌ ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളെയും പലരും ആശ്രയിക്കുന്നുണ്ട്‌. വിറകിന്റെ ദ‍ൗർലഭ്യവും വില ഉയരുന്നതും പ്രായസം സൃഷ്‌ടിക്കുന്നുണ്ട്‌. ചില ഹോട്ടലുകൾ ചായയ്ക്കുൾപ്പെടെ വില കൂട്ടി. പത്ത് രൂപയ്‌ക്ക്‌ ചായ വിറ്റിരുന്നുവർ ഇപ്പോൾ വാങ്ങുന്നത്‌ 15 രൂപവരെയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home