'ഞങ്ങളുടെ അവസരം ഇല്ലാതാക്കുന്നു'; ഐഐഎമ്മിൽ മന്ത്രിമാരുടെ ക്ലാസിലേക്ക് പ്രതിഷേധവുമായി ഉദ്യോഗാർഥികൾ

കോഴിക്കോട് : പിഎസ്‍സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാർഥികൾ. കോഴിക്കോട് ഐഐഎമ്മിൽ മന്ത്രിമാർ പങ്കെടുക്കുന്ന ശിൽപശാല വേദിക്ക് മുന്നിൽ എച്ച്എസ്ടി ഷോർട് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ പ്രതിഷേധവുമായെത്തി. മുഖ്യമന്ത്രിയെ നേരിൽ കാണണമെന്നാണ് ആവശ്യം. ജൂലൈ, ആഗസ്ത് മാസങ്ങളിൽ കാലാവധി അവസാനിക്കേണ്ട ലിസ്റ്റുകളാണ് നവംബർ വരെ നീട്ടിയത്.
ലിസ്റ്റ് വീണ്ടും നീട്ടുന്നത് ഷോർട് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ അവസരം ഇല്ലാതാക്കുമെന്ന് ഉദ്യോഗാർഥികൾ പറയുന്നു. രണ്ടാമത്തെ തവണയാണ് എച്ച്എസ്ടി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത്. പല കാരണങ്ങൾ കൊണ്ടാണ് മുമ്പ് റാങ്ക് ലിസ്റ്റ് നീട്ടിയത്. എന്നാൽ വീണ്ടും ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് നിലവിൽ ഷോർട് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ അവസരം ഇല്ലാതാക്കും. നിലവിൽ ലിസ്റ്റിലുള്ളവരുടെ അവസരവും പഴയ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾക്ക് ലഭിക്കുമെന്നും തങ്ങളുടെ അവസരം നഷ്ടപ്പെടുമെന്നും പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾ പറയുന്നു.
റാങ്ക് ലിസ്റ്റിന് വേണ്ടി കാത്തിരിക്കുകയാന്നും ഇനിയും കാലാവധി നീട്ടിയാൽ അവസരം ഇല്ലാതാകുമെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന ദ്വിദിന നേതൃത്വ ശിൽപശാല 'റീഇമാജിനിങ് കേരളത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും കോഴിക്കോടെത്തിയത്. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.









0 comments