നേപ്പാൾ ദുരന്തത്തിൽ കാണാമറയത്ത് നഷ്ടമായത് 600 വിദ്യാര്‍ഥികളെ, തിരയാൻ വിദ്യാലയങ്ങൾ നിലനിന്ന സ്ഥലം പോലും ബാക്കിയില്ല

കാഠ്മണ്ഡു: പ്രളയം വിഴുങ്ങിയ നേപ്പാളിന്റെ കണ്ണുനീര്‍ ഇനിയെന്ന് തോരുമെന്ന് നിശ്ചയമില്ല. ലോകം സാക്ഷ്യം വഹിച്ച മഹാദുരന്തങ്ങളിൽ ഒന്നാണ് മഞ്ഞുമൂടിയ പര്‍വത നിരകളിലെ കൊച്ചു രാജ്യം ഏറ്റുവാങ്ങിയത്. കണ്ടുകിട്ടിയ മൃതദേഹങ്ങളെക്കാൾ ഇരട്ടിയിലധികമാണ് ഇനിയും കാണാമറയത്ത് തുടരുന്നത്. ദുരന്തം വിഴുങ്ങിയ ദിവസം കഴിഞ്ഞ് പത്തു ദിവസമായിട്ടും അവിടവിടെ ജീവന്റെ തുടിപ്പുകൾ സംബന്ധിച്ച വാര്‍ത്തകൾ പ്രതീക്ഷയോടെ കേൾക്കാറാവുന്നു. പക്ഷേ അപ്പോഴും കാണാമറയത്ത് നഷ്ടമായവരെ കുറിച്ചുള്ള വേദന പെരുകുകയാണ്.
ഏറ്റവും സങ്കടകരമായി, ദുരന്തത്തിനിരയായ രസുവ, നുവാകോട്ട് ജില്ലകളിൽ മാത്രം ഇനിയും 600 കുട്ടികളെ കുറിച്ച് ഒരു വിവരവുമില്ല. അവരെ എങ്ങോട്ട് ഒഴുക്കിക്കൊണ്ടു പോയെന്ന് നിശ്ചയിക്കാൻ പോലും മാര്‍ഗ്ഗമില്ല. അവര്‍ കളിച്ച് ചിരിച്ചു നടന്ന ഗ്രാമങ്ങളും പഠിച്ചിരുന്ന വിദ്യാലയങ്ങളും അടയാളം പോലുമില്ലാതെ ഒഴുകിപ്പോയി. നുറുങ്ങുന്ന വേദനയുമായി അവശേഷിച്ചവര്‍ ഇനി എങ്ങനെ പിടിച്ചു നിൽക്കുമെന്ന നിശ്ചയമില്ല.
മൊത്തം ദുരന്തത്തിന് ഇരയായവരിൽ, വെള്ളിയാഴ്ച രാവിലെ രണ്ട് മരണങ്ങൾ കൂടി റിപ്പോര്‍ട് ചെയ്തു. രക്ഷാ പ്രപവര്‍ത്തകര്‍ ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരിച്ചത്. ഇതോടെ മൊത്തം 1282 മരണങ്ങൾ സ്ഥിരീകരിച്ചു. അയ്യായിരത്തിൽ അധികം പേര്‍ എവിടെ പോയ് മറഞ്ഞെന്ന് ഇനിയും നിശ്ചയമില്ല. മൃദദേഹങ്ങൾ തിരയാൻ പോലും കഴിയാത്ത സാഹചര്യമാണ്. നൂറുകണക്കിന് കിലോമീറ്റര്‍ ദൂരത്തിലേക്കാണ് പ്രളയജലവും ചളിയും കല്ലും മണ്ണും കുത്തി ഒഴുകിപ്പോയിരിക്കുന്നത്.
രസുവ, നുവാകോട്ട് ജില്ലകളിൽ
12 സ്കൂളുകൾ അപ്രത്യക്ഷമായി
ജില്ലകളിലെ പ്രാദേശിക എജ്യുക്കേഷൻ ഡെവലപ്‌മെന്റ് ആൻഡ് കോഓർഡിനേഷൻ യൂണിറ്റുകളുടെയും അതത് തദ്ദേശ സ്ഥാപനങ്ങളുടെയും കണക്കുകൾ ശേഖരിച്ചാണ് കാണാതായ കുട്ടികളുടെ എണ്ണം ഏകദേശം തിട്ടപ്പെടുത്തിയത്. മിക്കവരുടെയും ബന്ധുക്കൾ പോലും കാണാമറയത്താണ്. തിട്ടപ്പെടുത്തിയ കണക്ക് പ്രകാരം രസുവയിൽ 280 കുട്ടികളെ കുറിച്ച് ഇനിയും വിവരമില്ല. നുവാകോട്ടിൽ 300 കുട്ടികളെ കുറിച്ചും വിവരമില്ല.

നുവാകോട്ടിലെ ബിദൂര്‍ നഗരസഭാ പ്രദേശത്ത് മാത്രം 250 കുട്ടികളെ കാണാതായിട്ടുണ്ട്. ചില കുടുംബങ്ങളിൽ കുട്ടികൾ അവശേഷിച്ചു. മറ്റ് ചിലയിടങ്ങളിൽ രക്ഷിതാക്കൾ മാത്രമായി. ഇതാണ് സാഹചര്യമെന്ന് നഗരസഭ വിദ്യാഭ്യാസ യൂണിറ്റ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികൾ മാത്രമല്ല ഇരു ജില്ലകളിലുമായി 22 അധ്യാപകരെയും സ്കൂൾ ജീവനക്കാരെയും നഷ്ടമായിട്ടുണ്ട്. രസുവയിൽ 16 അധ്യാപകരെയും നുവാകോട്ടിൽ ആറ് അധ്യാപകരെയും കുറിച്ച് വിവരമില്ല. ഇവര്‍ പതിവ് പോലെ വിദ്യാലയത്തിലേക്ക് പോയവരാണ്. ആഗസ്ത് 26 ന് ഉച്ചയ്ക്കാണ് ദുരന്തം ഒഴുകിയെത്തിയത്.
നേപ്പാൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രസുവ, നുവാകോട്ട്, ധാഡിംഗ് ജില്ലകളിലായി 22 സ്കൂളുകൾ തകര്‍ന്നു. 12 സ്കൂളുകൾ അടയാളം പോലും ബാക്കി വെക്കാതെ പ്രളയം കൊണ്ടു പോയി.

ജലവൈദ്യുത നിലയങ്ങളിൽ
കാണാമറയത്ത് 900 പേര്‍
നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്. ദുരന്തം നടന്ന് പത്താമത്തെ ദിവസം മനുഷ്യ ശബ്ദം തിരിച്ചറിഞ്ഞതോടെ രക്ഷാ പ്രവര്‍ത്തകര്‍ രണ്ടു പേരെ അത്ഭുതകരമായി രക്ഷപെടുത്തി. ഇത് ദുരിതങ്ങൾ സഹിച്ചുള്ള രക്ഷാ പ്രവര്‍ത്തനത്തിലെ വലിയ നേട്ടമായി.
ഇനിയും 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്. തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാനും അവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതപ്പെടുന്നവരുമായി ആശയവിനിമയം സ്ഥാപിക്കാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചതാണ് ത്രിശൂലിയിലെ രക്ഷാദൗത്യത്തിൽ ആശ്വസാകരമായത്.
'പരിഭ്രമിക്കേണ്ട, നിങ്ങളെ രക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്' എന്ന് രക്ഷാപ്രവർത്തകർ വിളിച്ചുപറഞ്ഞപ്പോൾ അവശ നിലയിൽ 'ശരി' എന്ന മറുപടി അകത്തു നിന്ന് ലഭിച്ചതാണ് പ്രതീക്ഷയായത്. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ ഏകോപിത നീക്കങ്ങളിലാണ് ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ഇതിന് പിന്നാലെ മറ്റൊരാളെ കൂടി രക്ഷപ്പെടുത്തിയതായി നേപ്പാൾ സർക്കാർ സ്ഥിരീകരിച്ചു.
ഓരോ ജില്ലകളിലും വീണ്ടെടുത്ത
മൃതദേഹങ്ങളുടെ കണക്കുകൾ
പൊലീസ് റിപ്പോർട്ട് പ്രകാരം
ചിത്വാൻ: 359
നവൽപരാസി ഈസ്റ്റ്: 218
നവൽപരാസി വെസ്റ്റ്: 208
നുവാകോട്ട്: 185
രസുവ: 140
ഗോർഖ: 72
ധാഡിംഗ്: 60
തനാഹു: 38








0 comments