മുൻ എംപി കെ പി ധനപാലന് അന്ത്യാഞ്ജലി

പറവൂർ
മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ധനപാലൻ (76) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പറവൂരിലെ വീട്ടിൽനിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ശനി പുലർച്ചെ 5.30നായിരുന്നു അന്ത്യം. വീട്ടിലും തുടർന്ന് മുനിസിപ്പൽ ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിനുവച്ചു. പ്രമുഖരടക്കം ആദരാഞ്ജലിയർപ്പിച്ചു. വൈകിട്ട് തോന്ന്യകാവ് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി സെക്രട്ടറി എന്നീസ്ഥാനങ്ങൾ വഹിച്ചു. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗമായിരുന്നു. രണ്ടുവട്ടം പറവൂർ നഗരസഭാ കൗൺസിലറായി. 2009ൽ ചാലക്കുടിയിൽനിന്ന് ലോക്‌സഭാംഗമായി. 2014ൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലും 2016ൽ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിലും മത്സരിച്ചെങ്കിലും വിജയിച്ചില്ല.
പറവൂത്തറ കളത്തിൽ പരേതരായ കെ കെ പങ്കജാക്ഷന്റെയും പി എം മാധവിയുടെയും മകനാണ്. ഭാര്യ: സുമം. മക്കൾ: മിലാഷ്, പരേതനായ ബ്രിജിത്ത് (വാവ). മരുമകൾ: ഹൃദ്യ.
മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി എം ജോൺ, അനൂപ് ജേക്കബ്, ഒ ജെ ജനീഷ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ഏരിയ സെക്രട്ടറി ടി വി നിഥിൻ, കൊച്ചി മേയർ വി കെ മിനിമോൾ, എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർടി നേതാക്കൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
അനുശോചിച്ചു
കൊച്ചി
കെ പി ധനപാലന്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജ്യേഷ്ഠസഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ സണ്ണി ജോസഫ്, ടി സിദ്ദിഖ്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി തുടങ്ങിയവരും അനുശോചിച്ചു.
വടക്കേക്കരയിലെ വെട്ടും ചാലക്കുടിയിലെ നാടുകടത്തലും
കൊച്ചി
ജില്ലയിൽ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്ന കെ പി ധനപാലൻ എന്നും എതിർചേരിയുടെ അപ്രീതിക്ക് ഇരയായി. അതിനെക്കാളെല്ലാം ഹൃദയഭേദകമായിരുന്നു അദ്ദേഹം അചഞ്ചലമായി പിന്തുണച്ച എ ഗ്രൂപ്പ് നേതൃത്വത്തിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന കടുത്ത അവഗണനയും അവഹേളനവും. 2001 ൽ വടക്കേക്കര നിയോജക മണ്ഡലത്തിലും 2014 ൽ ചാലക്കുടി ലോകസഭാ മണ്ഡലത്തിലും ധനപാലന് സീറ്റ് നിഷേധിച്ചതിലൂടെ കോൺഗ്രസ് കുറിച്ചതും ഇൗ അവഗണനയുടെ ഭാഗം.
ജന്മനാടായ പറവൂരിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ലഭിച്ച ആദ്യ അവസരമായി കണക്കാക്കിയാണ് 2001 ൽ വടക്കേക്കര മണ്ഡലത്തിൽ ധനപാലൻ സ്ഥാനാർഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയത്. പോസ്റ്റർ അടിച്ചും ചുവരെഴുതിയും പ്രചാരണം 20 ദിവസം പിന്നിട്ടപ്പോഴാണ് കെ കരുണാകരന്റെ പിടിവാശിയെത്തുടർന്ന് ഐ ഗ്രൂപ്പിലെ എം എ ചന്ദ്രശേഖരന് വേണ്ടി ധനപാലന് പിൻവാങ്ങേണ്ടിവന്നത്.
പിന്നീട് 2009 ൽ ചാലക്കുടി മണ്ഡലത്തിൽ ലഭിച്ച അവസരത്തിൽ വിജയിച്ച് ലോകസഭാംഗമായെങ്കിലും 2014 ൽ ചാലക്കുടിയിൽ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ധനപാലനോട് എ ഗ്രൂപ്പുതന്നെ നെറികേട് കാട്ടി. എന്നും അചഞ്ചലമായ വിശ്വസ്‌തയോടെ പിന്തുണച്ച എ കെ ആന്റണിതന്നെ അതിന് മുഖ്യകാർമികനുമായി. പി സി ചാക്കോ ചാലക്കുടി ആവശ്യപ്പെട്ടപ്പോൾ എ കെ ആന്റണിയിൽ വിശ്വാസമർപ്പിച്ച് ധനപാലൻ അനുകൂല തീരുമാനം കാത്തിരുന്നു. എന്നാൽ ചാലക്കുടിയും തൃശൂരും പരസ്‌പരം വച്ചുമാറാനാണ് എ കെ ആന്റണി ഉൾപ്പെടെയുള്ള നേതൃനിര തീരുമാനിച്ചത്. രണ്ടിടത്തും കോൺഗ്രസ് പരാജയവുമേറ്റുവാങ്ങി.











0 comments