ad
Deshabhimani

അനധികൃത ലൈസൻസ് തരപ്പെടുത്തലും പണംതട്ടലും

കരുമാല്ലൂരിൽ കോൺഗ്രസ് 
നേതാവിനെതിരെ അന്വേഷണം

Congress leader
വെബ് ഡെസ്ക്

Published on Aug 12, 2026, 12:53 AM | 1 min read

ആലങ്ങാട്

അനധികൃതമായി ലൈസൻസ് തരപ്പെടുത്തിക്കൊടുത്തെന്ന ആരോപണത്തെത്തുടർന്ന് കരുമാലൂർ പഞ്ചായത്ത് യുഡിഎഫ് അംഗം അബ്ദുൽ സലാമിനെതിരെ അന്വേഷണം നടത്താൻ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. തിങ്കളാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കുവന്നതോടെയാണ് കോൺഗ്രസ് നേതാവ് കൂടിയായ അബ്ദുൽ സലാമിനെതിരെ അന്വേഷണം നടത്താൻ സെക്രട്ടറി, പ്രസിഡന്റ്, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന അന്വേഷണകമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.


കരുമാലൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ മൂന്ന് ഗോഡൗണുകളിലായി പ്രവർത്തനമാരംഭിച്ച സ്വകാര്യസ്ഥാപനത്തിന് പതിനാലാംവാർഡ് അംഗമായ അബ്ദുൽ സലാം അനധികൃതമായി ലൈസൻസ് തരപ്പെടുത്തി നൽകിയെന്നാണ് ആരോപണം. പതിനഞ്ചാം വാർഡ്‌ അംഗം പൗലോസ് ആന്റണിയാണ്‌ വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ചത്. കൂടാതെ അനധികൃത നിർമാണങ്ങൾ ഉൾപ്പെടെ നടത്തിയതും ശ്രദ്ധയിൽപ്പെടുത്തി. സംഭവം വഷളായതോടെ യുഡിഎഫ് ഭരണസമിതി ഇതേപ്പറ്റി അന്വേഷണം നടത്താൻ തീരുമാനമെടുത്തു. ഇതുമായി ബന്ധപ്പെട്ട്‌ നാട്ടുകാരും പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്തിന്റെ പരിധിയിലെ എല്ലാ ഗോഡൗണുകൾക്കും ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്‌.


ഇതിനിടെ ഐഎൻടിയുസി, സിഐടിയു തൊഴിലാളി യൂണിയനുകളുടെ പേരിൽ വ്യാജകരാർ ഉണ്ടാക്കി മൂന്നുലക്ഷം രൂപ തട്ടിയതായി അബ്ദുൾ സലാമിനെതിരെ മറ്റൊരു പരാതി കൂടി ഉയർന്നു. അബ്ദുൾ സലാമും മറ്റ് മൂന്നുപേരും ചേർന്ന് പണം തട്ടിയെടുത്തെന്ന് കാട്ടി സിഐടിയു കൺവീനർ വി വി ഷംസു, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് അബ്ദുക്കുഞ്ഞ് എന്നിവർ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകി. ഈ തൊഴിലാളി യൂണിയനുകളുടെ പേരും വിലാസവും ഉപയോഗിച്ച്‌ വ്യാജരേഖകൾ സൃഷ്ടിക്കുകയും ഇവ ഉപയോഗിച്ച്‌ സാമ്പത്തികതട്ടിപ്പ്‌ നടത്തിയെന്നുമാണ്‌ പരാതിയിൽ പറയുന്നത്. കരുമാലൂർ കേന്ദ്രീകരിച്ച്‌ പ്രവർത്തനമാരംഭിച്ച കമ്പനിക്കുവേണ്ടിയാണ്‌ രേഖകൾ സൃഷ്ടിച്ചതെന്നും പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home