പെരുമ്പാവൂർ നഗരസഭയിലെ കോൺഗ്രസിൽ തമ്മിൽത്തല്ല് ; വഴിവിളക്കിട്ട കരാറുകാരന്റെ ബിൽ അനിശ്ചിതത്വത്തിൽ

പെരുമ്പാവൂർ
വഴിവിളക്കിന്റെ അറ്റകുറ്റപ്പണികൾ നടത്തിയ കരാറുകാരന് പണം കൊടുക്കുന്നതിൽ പെരുമ്പാവൂർ നഗരസഭയിലെ കോൺഗ്രസിൽ തർക്കം. അറ്റകുറ്റപ്പണി തീരുന്നമുറയ്ക്ക് തുക നൽകാമെന്ന വ്യവസ്ഥയിൽ പദ്ധതി നടപ്പാക്കിയെങ്കിലും കരാറുകാരന് നൽകേണ്ട 4.25 ലക്ഷം രൂപ പാസാക്കിയില്ല. ഇതേത്തുടർന്നായിരുന്നു കൗൺസിൽ യോഗത്തിൽ ബഹളം.
ചെയർമാൻ പോൾ പാത്തിക്കലും സ്ഥിരംസമിതി അധ്യക്ഷരും ഒരുഭാഗത്തും ആദ്യ ചെയർമാൻ ടി എം സക്കീർ ഹുസൈൻ മറുഭാഗത്തും നിന്ന് തുടങ്ങിയ തർക്കം വക്കേറ്റത്തിൽ കലാശിച്ചു. 2021–--22ൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ അന്നത്തെ ചെയർമാൻ ടി എം സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ ചേർന്ന അനൗദ്യോഗിക കമ്മിറ്റിയിൽ കരാറുകാരനെ പണി ഏൽപ്പിക്കാനും തീരുന്നമുറയ്ക്ക് പണം നൽകാനും തീരുമാനിച്ചിരുന്നു. കരാറുകാരൻ നൽകിയ ബില്ലിന് പണം നൽകണമെങ്കിൽ ജില്ലാപഞ്ചായത്ത് ഇലക്‌ട്രിക്കൽ വിഭാഗത്തിന്റെ അനുമതി വേണമെന്ന് എൻജിനിയർ അറിയിച്ചു. അനുമതിക്കായി നഗരസഭ ഫയൽ ജില്ലാപഞ്ചായത്തിലേക്ക് അയച്ചെങ്കിലും പുതിയതായി സ്ഥലംമാറി വന്ന എൻജിനിയർ വിയോജനക്കുറിപ്പ് എഴുതിയിട്ടു. ടെൻഡർ നൽകാതെ കരാർ നൽകിയതിൽ ഓഡിറ്റ് വിഭാഗത്തിന്റെ എതിർപ്പ് വരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതോടെ അന്നത്തെ ചെയർമാൻ സക്കീർ ഹുസൈൻ വെട്ടിലായി.
കോൺഗ്രസിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സി കെ രാമകൃഷ്ണൻ വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. താൻ അന്നത്തെ കമ്മിറ്റിയിൽ പങ്കെടുത്തില്ലെന്ന് സക്കീർ ഹുസൈൻ പറഞ്ഞതോടെ നുണ പറയരുതെന്ന വാദവുമായി സ്ഥിരംസമിതി അധ്യക്ഷർ ചോദ്യംചെയ്തു. അനൗദ്യോഗിക കമ്മിറ്റിയായതിനാൽ അന്ന് മിനിട്സും രേഖപ്പെടുത്തിയിരുന്നില്ല.









0 comments