കോണ്‍ഗ്രസ് ഈരവേലി മണ്ഡലം യോഗം ചേരിപ്പോരിനെത്തുടര്‍ന്ന് അലസിപ്പിരിഞ്ഞു

മട്ടാഞ്ചേരി
മണ്ഡലം പ്രസിഡന്റിനെ പ്രഖ്യാപിക്കാനായി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ഈരവേലി മണ്ഡലം യോഗം ചേരിപ്പോരിനെ തുടര്‍ന്ന് പിരിച്ചുവിട്ടു. കരിപ്പാലം കമ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പ്രസിഡന്റ് വി എച്ച് ഷിഹാബുദ്ദീന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിരിഞ്ഞത്.
പുതിയ മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോള്‍ എന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഐ വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് ടി എച്ച് ഉബൈസിനെയാണ് മണ്ഡലം പ്രസിഡന്റായി നിശ്ചയിച്ചത്. കെ സി വേണുഗോപാല്‍ വിഭാഗക്കാരനായ ഡിസിസി ജനറല്‍ സെക്രട്ടറി അജിത്ത് അമീര്‍ ബാവയാണ് ഇയാളെ നോമിനേറ്റ് ചെയ്തത്.
ഐ വിഭാഗത്തിന്റെ നിരന്തരമായ പ്രതിഷേധത്തെ തുടര്‍ന്ന് ഒന്നരവര്‍ഷത്തിനുശേഷം ഉബൈസിനെ മാറ്റുകയും പി എ അബ്ബാസിനെ മണ്ഡലം പ്രസിഡന്റാക്കുകയും ചെയ്തു. ഇതിനിടെ അബ്ബാസ് ഒഴിഞ്ഞതോടെ ഈരവേലിയില്‍ മണ്ഡലം പ്രസിഡന്റ് ഇല്ലാതായി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍, താല്‍ക്കാലിക ചുമതല നല്‍കിയിരുന്ന പി എ ഉബൈദിനെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗമാണ് ബഹളത്തിനൊടുവില്‍ പിരിച്ചുവിട്ടത്. പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡിവിഷന്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.









0 comments