കോൺഗ്രസിൽ പൊട്ടിത്തെറി ; 2 കൗൺസിലർമാർ പാർടി വിട്ടു , ശാന്ത വിജയൻ ബിജെപിയിൽ

കൊച്ചി
കൊച്ചി കോർപറേഷനിലെ രണ്ടാമത്തെ സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. നിലവിലെ കൗൺസിലർമാരായ ശാന്ത വിജയൻ, ബാസ്‌റ്റിൻ ബാബു എന്നിവർ പാർടി വിട്ടു. ശാന്ത വിജയൻ ബിജെപിയിൽ ചേർന്നു. ദേവൻകുളങ്ങര ഡിവിഷനിലെ ജനപ്രതിനിധിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ശാന്ത വിജയന്‍. കോൺഗ്രസിന്റെ രണ്ടാമത്തെ പട്ടിക പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇവർ ബിജെപിയിൽ ചേര്‍ന്നു. സ്ഥാനാർഥിത്വം നിഷേധിക്കുന്നതിൽ അതൃപ്‌തയായിരുന്നു. രണ്ടാംപട്ടികയിൽ ഇടംപിടിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, നേതൃത്വം തഴഞ്ഞു. തൃപ്പൂണിത്തുറയിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് ചന്ദ്രിക ഹരിദാസും ബിജെപിയില്‍ ചേര്‍ന്നു. നേരത്തേ യുഡിഎഫ് കൗൺസിലറായ സുനിത ഡിക്‌സണും ബിജെപിയിൽ ചേർന്നിരുന്നു.
കരുവേലിപ്പടി ഡിവിഷനിലെ യുവകൗൺസിലറും കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് വൈസ്‌പ്രസിഡന്റുമാണ് ബാസ്‌റ്റിൻ ബാബു. യുവാക്കളെ അവഗണിച്ചതിലും നേതാക്കളുടെ പെട്ടിതാങ്ങുന്ന കടൽക്കിഴവന്മാരെ സ്ഥാനാർഥികളായി പരിഗണിച്ചതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ബാസ്‌റ്റിൻ പറഞ്ഞു. താഴെതട്ടിൽ പാർടിക്കുവേണ്ടി രാപകൽ ഇല്ലാതെ ജോലി ചെയ്യുന്ന പ്രവർത്തകരെ അവഗണിച്ചു. ജനറൽ ഡിവിഷനുകളിൽവരെ "നേതാക്കൾക്ക് വേണ്ടപ്പെട്ട സ്‌ത്രീകളെ സ്ഥാനാർഥികളാക്കി'. മഹിളാ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും തഴഞ്ഞെന്നും ബാസ്‌റ്റിൻ പറഞ്ഞു. കരുവേലിപ്പടിയിൽ അർഹയായ കോൺഗ്രസ് പ്രവർത്തകയ്‌ക്ക് സ്ഥാനാർഥിത്വം നൽകണമെന്ന് നിർദേശിച്ചിരുന്നെങ്കിലും അവഗണിച്ചു. പാർടിക്കായി ജനപ്രതിനിധിയെന്ന നിലയിൽ പ്രവർത്തിച്ച തനിക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നിൽ ഡൊമിനിക് പ്രസന്റേഷന്റെ വൈരാഗ്യമാണ്. പ്രദേശത്തെ പ്രവർത്തകരും തനിക്കൊപ്പം പാർടിയിൽനിന്ന് രാജിവച്ചിട്ടുണ്ട്. തുടർനിലപാട് പിന്നീട് വ്യക്തമാക്കും. രാജിക്കത്ത് ഡിസിസി പ്രസിന്റ് മുഹമ്മദ് ഷിയാസിന് നൽകി–ബാസ്‌റ്റിൻ പറഞ്ഞു.
22 ഡിവിഷനുകളിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെയാണ് വ്യാഴാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ചത്. ചെറളായി, രവിപുരം എന്നിവിടങ്ങളിലേക്കാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ആദ്യപട്ടികയിൽ ഇല്ലാതിരുന്ന നിലവിലെ കൗൺസിലർമാരായ വി കെ മിനിമോൾ, ഹെൻട്രി ഓസ്റ്റിൻ എന്നിവരെ രണ്ടാംപട്ടികയിൽ ഉൾപ്പെടുത്തി. മേയർ സ്ഥാനമോഹത്തോടെ മത്സരിക്കുന്ന ദീപ്‌തി മേരി വർഗീസിന് ആദ്യതിരിച്ചടിയായി മിനിമോളുടെ സ്ഥാനാർഥിത്വം. കോണം ഡിവിഷൻ സിഎംപിക്ക് നൽകി. 64 ഡിവിഷനുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മുസ്ലിംലീഗ് 7, കേരള കോൺഗ്രസ് 3, ആർഎസ്‌പി 1 എന്നിങ്ങനെയാണ് യുഡിഎഫ് സീറ്റ് വിഭജനം.
കോൺഗ്രസിൽനിന്ന് രാജി
മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽഡിഎഫിനൊപ്പം
മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മേരി മാർട്ടിന്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് എൽഡിഎഫിനൊപ്പം. കോൺഗ്രസ് മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംകൂടിയാണ് റോസ് മേരി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം വ്യാഴം വൈകിട്ട് രാജിവച്ചു. കോൺഗ്രസിലെയും പഞ്ചായത്ത് ഭരണത്തിലെയും അഴിമതി ചോദ്യംചെയ്തത് കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
2010 മുതൽ പഞ്ചായത്ത് അംഗമായ റോസ് മേരി എൽഡിഎഫ് പിന്തുണയോടെ 16–ാംവാർഡിൽനിന്ന് വീണ്ടും ജനവിധിതേടും. മുഴുവൻ സമയ കോൺഗ്രസ് പ്രവർത്തകയായിരുന്ന താൻ, നേതൃത്വത്തിന്റെ സാന്പത്തിക അഴിമതികള്‍ ഉൾപ്പെടെ ചോദ്യംചെയ്‌തതോടെയാണ് പാർടിയിൽ ഒറ്റപ്പെട്ടതെന്ന് റോസ് മേരി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ തെറ്റായ നീക്കങ്ങൾ കോണ്‍ഗ്രസ് കമ്മിറ്റിയിൽ ഉന്നയിച്ചപ്പോൾ നിശബ്ദമാക്കാനാണ് നേതൃത്വം ശ്രമിച്ചത്. ബോൾഗാട്ടിയിലെ ഭൂമിയിടപാടിൽ ഒരുവ്യക്തിക്ക് അനുകൂലമായി പഞ്ചായത്ത് തീരുമാനമെടുത്തതിൽ അഴിമതി ആരോപണമുന്നയിച്ചതിന്റെ പേരിൽ കുറെക്കാലമായി മണ്ഡലം കമ്മിറ്റിയിൽ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന യോഗങ്ങളൊന്നും അറിയിച്ചില്ല. ഇത് വാർഡിലെ ജനങ്ങളോടുള്ള അവഗണനയായി കണക്കാക്കണം. റോസ് മേരി മാർട്ടിൻ പറഞ്ഞു.
മുടക്കുഴ പഞ്ചായത്തിലെ കോൺഗ്രസ് തമ്മിലടി
അഞ്ച് വർഷത്തിനിടെ
നാലാമത്തെ വൈസ് പ്രസിഡന്റ്
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ യുഡിഎഫ് നേതൃത്വത്തിലുള്ള മുടക്കുഴ പഞ്ചായത്തിൽ വീണ്ടും അധികാരവടംവലി. കോൺഗ്രസിലെ വിമത അംഗം അനാമിക ശിവനെ വൈസ് പ്രസിഡന്റായി തെരഞ്ഞടുത്തു. അഞ്ച് വർഷത്തിനിടെ നാലാമത്തെ വൈസ് പ്രസിഡന്റിനെയാണ് മാറ്റി പരീക്ഷിക്കുന്നത്
കോൺഗ്രസിലെ ഗ്രൂപ്പുകളിയും അധികാരത്തർക്കത്തെയും തുടർന്ന് വൈസ് പ്രസിഡന്റായിരുന്ന രജിത ജയ്‌മോനെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. ഇതേ തുടർന്നാണ് അനാമിക ശിവനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
കോൺഗ്രസിലെ വിമത അംഗങ്ങളായ കെ ജെ മാത്യു നാമനിർദേശവും ഡോളി മത്തായിക്കുടി പിന്താങ്ങുകയും ചെയ്തു.13 അംഗ ഭരണസമിതിയിൽ കോൺഗ്രസിലെ വിമത അംഗങ്ങളായ നാലുപേരും എൽഡിഎഫിൽനിന്ന് മൂന്നുപേരും വോട്ടെടുപ്പിൽ പങ്കെടുത്തു. പ്രസിഡന്റ് ഉൾപ്പെടെ യുഡിഎഫ് ഔദ്യോഗിക പക്ഷവും ബിജെപി അംഗവും തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. പ്രസിഡന്റ് വിട്ടുനിന്നതിനാൽ സത്യപ്രതിജ്ഞാ ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
നേതൃത്വത്തിൽനിന്ന് കടുത്ത അനീതി ; പറവൂരിലും കോൺഗ്രസ് കൗൺസിലർ പാർടി വിട്ടു
കോൺഗ്രസ് നേതാവും മുൻ പറവൂർ നഗരസഭ കൗൺസിലറുമായ സോമൻ മാധവൻ പാർടിയിൽനിന്ന് രാജിവച്ചു. കോൺഗ്രസ് നേതൃത്വത്തിൽനിന്നുണ്ടായ കടുത്ത അനീതിയിൽ പ്രതിഷേധിച്ചാണ് രാജിവയ്‌ക്കുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നിയോജകമണ്ഡലം പ്രസിഡന്റുമായ സോമൻ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തിൽ കൂട്ടായ പ്രവർത്തനമില്ലെന്നും ഇഷ്‌ടക്കാരെ തിരുകിക്കയറ്റാൻ പ്രതിപക്ഷനേതാവ് വി ഡി സതീശനും കൂട്ടാളികളും ശ്രമം നടത്തുകയാണെന്നും സോമൻ ആരോപിച്ചു. രാജിക്കത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് കൈമാറി. 35 വർഷമായി സംഘടനയിൽ പ്രവർത്തിക്കുന്ന താൻ എല്ലാ ഭാരവാഹിത്വവും ഒഴിയുകയാണെന്നും ദളിത് വിഭാഗങ്ങളോട് കടുത്ത അവഗണനയാണ് നേതൃത്വം കാണിക്കുന്നതെന്നും സോമൻ മാധവൻ പറഞ്ഞു. രണ്ടുവട്ടം നഗരസഭയിൽ കൗൺസിലറായിരുന്നു.
പിറവത്ത് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രാജിവച്ചു
സ്ഥാനാർഥി നിർണയത്തിലെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് പിറവം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി തമ്പി പുതുവാക്കുന്നേൽ രാജിവച്ചു. പിറവം നഗരസഭ രണ്ടാംവാർഡിൽ 2015-–2020ൽ കൗൺസിലറായിരുന്നു തമ്പി.
കഴിഞ്ഞതവണ ഇൗ വാർഡിൽ വനിതാ സംവരണമായിരുന്നു. ഇത്തവണ ജനറൽ വാർഡായ ഇവിടെ തമ്പിയെ പരിഗണിക്കണമെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഈ തീരുമാനം അവഗണിച്ചാണ് മറ്റൊരാളെ പരിഗണിച്ചതെന്ന് തമ്പി പുതുവാക്കുന്നേൽ ഡിസിസി പ്രസിഡന്റിന് അയച്ച രാജിക്കത്തിൽ പറയുന്നു.









0 comments